മിന്നല്‍ പ്രളയത്തില്‍ ഉലഞ്ഞ നേപ്പാളിന് അടിയന്തര സഹായ എത്തിച്ച് ഇന്ത്യ. ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ,വിമാനം 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലേക്ക് പുറപ്പെട്ടു.
ജീവൻരക്ഷാ മരുന്നുകള്‍, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, പുതപ്പുകള്‍ എന്നിവയടങ്ങുന്നതാണ് ആദ്യ ഘട്ട സഹായം. കൂടുതല്‍ രക്ഷാദൗത്യങ്ങള്‍ക്കായി സി-17, സി-295 ട്രാൻസ്‌പോർട്ട് വിമാനങ്ങളും വ്യോമസേന സജ്ജമാക്കിയിട്ടുണ്ട്.
നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ പ്രളയത്തില്‍ മരണസംഖ്യ കുതിച്ചുയരുകയാണ്. 133 ഇന്ത്യക്കാർ ഉള്‍പ്പെടെ 400-ഓളം പേരെ കാണാതായതായാണ് വിവരങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണില്‍ സംസാരിച്ച് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യൻ എംബസി ദുരന്തബാധിതർക്കായി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വഴിയില്‍ കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നേപ്പാളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബീഹാർ, ഉത്തർപ്രദേശ് എന്നീ അതിർത്തി സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
ബിഹാര്‍ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായി സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനത്തെ തുടർന്നുള്ള ഹിമപാതവും മണ്ണടിച്ചിലുമാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

