ഈ വർഷം അവസാനം ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലാൻഡില്‍ പര്യടന മാമാങ്കം. എല്ലാ ഫോർമാറ്റുകളിലുമായി ആകെ 12 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യ കിവി മണ്ണില്‍ കളിക്കുക.
സമീപകാല ചരിത്രത്തില്‍ ന്യൂസിലാൻഡ് ക്രിക്കറ്റ് സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ പരമ്പരയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അഞ്ച് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ ഈ നീണ്ട പര്യടനം. ന്യൂസിലാൻഡ് മണ്ണില്‍ ഒരു വിദേശ ടീം നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയതും കൂടുതല്‍ മത്സരങ്ങളുള്ളതുമായ പരമ്പര കൂടിയായിരിക്കും ഇത്.
ഒക്ടോബർ 22ന് ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലില്‍ നടക്കുന്ന ആദ്യ ടി20 പോരാട്ടത്തോടെയാണ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നവംബർ 27ന് ക്രൈസ്റ്റ്ചർച്ചില്‍ തന്നെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റോടെ പര്യടനം അവസാനിക്കും. ശേഷം ന്യൂസിലാൻഡ് ടീം ബോർഡർ-ഗവാസ്കർ ട്രോഫിക്ക് സമാനമായി നാല് ടെസ്റ്റുകള്‍ക്കായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. അതിനുശേഷം നാട്ടില്‍ തിരിച്ചെത്തുന്ന കിവികള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളും കളിക്കും.

