ഓടിക്കൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണുപോയ കുഞ്ഞിനെ രക്ഷപ്പെടുത്തി പിതാവ്. ബംഗ്ലാദേശിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് കുഞ്ഞിനെ സ്വന്തം ജീവൻ പണയപ്പെടുത്തി പിതാവ് രക്ഷിച്ചത്.
ഒന്നര മണിക്കൂർ വൈകിയെത്തിയ ടിറ്റാസ് കമ്മ്യൂട്ടർ ട്രെയിൻ സ്റ്റേഷനില്‍ നിന്നും നീങ്ങിത്തുടങ്ങിയപ്പോള്‍ പുറത്തിറങ്ങാൻ ശ്രമിക്കവെയാണ് കുട്ടി കൈയില്‍ നിന്ന് വഴുതി പാളത്തിലേക്ക് വീഴുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ ട്രെയിനിനടിയിലേക്ക് എടുത്തുചാടിയ പിതാവ് കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നത് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോയില്‍ കാണാം.
ട്രെയിൻ മുകളിലൂടെ കടന്നുപോകുന്ന നിമിഷങ്ങളില്‍ കുഞ്ഞ് എഴുന്നേല്‍ക്കാൻ ശ്രമിച്ചെങ്കിലും പിതാവ് ബലമായി ചേർത്തുപിടിക്കുകയായിരുന്നു. ട്രെയിൻ പൂർണ്ണമായും കടന്നുപോയ ശേഷം റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇരുവരെയും പുറത്തെടുത്തു. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട പിതാവിന് സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രശംസിക്കുകയാണ്.

