അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെയുണ്ടായ പാചകവാതക വില വർധനയില്‍ ന്യായീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി.
ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂവെന്നായിരുന്നു ന്യായീകരണം. നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ എന്നും സുരേഷ് ഗോപി ചോദിക്കുന്നു. അതേസമയം, പെട്രോള്‍, ഡീസല്‍ വില വർധിക്കുമോ എന്ന ചോദ്യത്തോട് സുരേഷ് ഗോപി മുഖം തിരിക്കുകയായിരുന്നു.
19 കിലോ വരുന്ന എല്‍പിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയില്‍ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില. അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. അഞ്ച് കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന ഛോട്ടുഗ്യാസ് സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. നിരവധിപേർ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യവുമുണ്ടായി. ഇപ്പോള്‍ വില വർധനവ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാകും. യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം വിലവർധവും നടത്തുന്നത്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില കൂട്ടിയത്. മാർച്ച് ആദ്യം ഏകദേശം 115 രൂപയും ഏപ്രില്‍ ഒന്നിന് 200 രൂപയും കൂടി. പിന്നാലെയാണ് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയത്. വാണിജ്യ എല്‍പിജി സിലിണ്ടർ വില വർധനവ് ഹോട്ടല്‍ മേഖലയെ ഗുരുതരമായി ബാധിക്കും. അതേസമയം, ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക നിരക്കില്‍ മാറ്റമില്ല.

