Dailyhunt
പാഠപുസ്തക വിവാദം; എൻസിഇആര്‍ടി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു, മൂന്ന് പേരെ ഒഴിവാക്കി

പാഠപുസ്തക വിവാദം; എൻസിഇആര്‍ടി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു, മൂന്ന് പേരെ ഒഴിവാക്കി

Janayugom Online 3 days ago

ട്ടാം ക്ലാസിലെ സോഷ്യല്‍ സയൻസ് പാഠപുസ്തകത്തില്‍ ജുഡീഷ്യറിക്കെതിരെ ഉന്നയിച്ച വിവാദ പരാമർശങ്ങളില്‍ സുപ്രീം കോടതിയുടെ കടുത്ത വിമർശനം നേരിട്ടതിന് പിന്നാലെ എൻസിഇആർടി കരിക്കുലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു.

നാഷണല്‍ സിലബസ് ആന്റ് ടീച്ചിങ് ലേണിങ് മെറ്റീരിയല്‍ കമ്മിറ്റി ആണ് മാറ്റങ്ങളോടെ നിലവില്‍ വന്നത്. സമിതിയെ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

പുനഃസംഘടിപ്പിക്കപ്പെട്ട 20 അംഗ സമിതിയില്‍ നിന്ന് മൂന്ന് പ്രമുഖരെയാണ് ഒഴിവാക്കിയത്. ഐഐടി ഗാന്ധിനഗറിലെ മൈക്കല്‍ ഡാനിനോ, ചെന്നൈ സെന്റർ ഫോർ പോളിസി സ്റ്റഡീസ് ചെയർമാൻ എം ഡി ശ്രീനിവാസ്, അന്തരിച്ച സാമ്പത്തിക ഉപദേശക സമിതി അധ്യക്ഷൻ ബിബേക് ദെബ്രോയ് എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. പകരം ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടി, ഐസിഎച്ച്‌ആർ ചെയർമാൻ രാഘവേന്ദ്ര തൻവാർ തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്തി സമിതി വിപുലീകരിച്ചു.

എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ "നീതിന്യായ വ്യവസ്ഥയിലെ അഴിമതി" എന്ന ഭാഗത്തിനെതിരെ ഫെബ്രുവരിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടർന്ന് പുസ്തകത്തിന്റെ ഓണ്‍ലൈൻ, ഓഫ്‌ലൈൻ പതിപ്പുകള്‍ക്ക് കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് വിവാദ ഭാഗങ്ങള്‍ പിൻവലിക്കാൻ എൻസിഇആർടി നിർബന്ധിതരായി.

ചരിത്രത്തെ വളച്ചൊടിക്കുന്നതും ശാസ്ത്രവിരുദ്ധവുമായ കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നു എന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടലുണ്ടായത്. മൂന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതിയും പുസ്തകങ്ങളും പരിഷ്കരിക്കാനുള്ള പൂർണ്ണ അധികാരം പുതുതായി രൂപീകരിച്ച ഈ സമിതിക്കായിരിക്കും. ഒന്ന്, രണ്ട് ക്ലാസുകളില്‍ നിന്നുള്ള മാറ്റം സുഗമമാക്കുന്നതിന് നിലവിലുള്ള പുസ്തകങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online