ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ പാകിസ്ഥാൻ മന്ത്രി മുസാദിഖ് മസൂദ് മാലിക്കിന് താജ്മഹല്‍ ഉള്‍പ്പെടെയുള്ള പൈതൃക കേന്ദ്രങ്ങള്‍ സന്ദർശിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.
എന്നാല്‍, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള അപേക്ഷ അധികൃതർ നിരസിച്ചു. പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സന്ദർശനം നടത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ആഗ്രയിലെ താജ്മഹല്‍, ഡല്‍ഹിയിലെ ഹുമയൂണിന്റെ ശവകുടീരം, ദില്ലി ഹാട്ട്, ഖില റായ് പിത്തോറ, നിസാമുദ്ദീൻ ദർഗ എന്നിവ സന്ദർശിക്കാനായിരുന്നു പാകിസ്ഥാൻ ഹൈക്കമ്മീഷൻ അനുമതി തേടിയിരുന്നത്. സുരക്ഷാ ഏജൻസികളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം താജ്മഹല്‍, ഹുമയൂണിന്റെ ശവകുടീരം, ദില്ലി ഹാട്ട് എന്നിവ സന്ദർശിക്കാൻ അനുമതി നല്‍കുകയായിരുന്നു. എങ്കിലും, അനുമതി ലഭിച്ചിട്ടും മന്ത്രി ആഗ്രയിലെത്തി താജ്മഹല്‍ സന്ദർശിച്ചിരുന്നില്ല.
നവംബർ 20 മുതല്‍ 22 വരെ നടക്കുന്ന ആദ്യ എസ്.സി.ഒ (SCO) സംവാദ ഫോറത്തില്‍ പങ്കെടുക്കാനാണ് മുസാദിഖ് മസൂദ് മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയിലെത്തിയത്. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് ഒരു പാകിസ്ഥാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ചാർജ് ഡി അഫയേഴ്‌സ് സാദ് വറൈച്ച് സ്വീകരിച്ചു. ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദർശിക്കാനും ജനങ്ങളുമായി സംവദിക്കാനും ഇവിടുത്തെ സംസ്കാരം അടുത്തറിയാനും തനിക്ക് ആഗ്രഹമുണ്ടെന്ന് മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു.

