കുളപ്പുള്ളിയില്‍ ബസ്സിനടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരനായ മധ്യവയസ്കൻ മരിച്ചു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടില്‍ സുനില്‍ (50) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി എട്ടരയോടെ കുളപ്പുള്ളി സഞ്ജീവനി ആശുപത്രിക്ക് സമീപത്തുള്ള വളവിലായിരുന്നു ദാരുണമായ അപകടം നടന്നത്. പട്ടാമ്പിയില്‍ നിന്നും ഷൊർണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കുളപ്പുള്ളിയിലെ വളവില്‍ വച്ച് മുന്നില്‍ പോവുകയായിരുന്ന ഇരുചക്രവാഹനത്തെ മറികടക്കാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടയില്‍ ബസ് ബൈക്കില്‍ തട്ടുകയായിരുന്നുവെന്ന് പൊലീസിന്റെ നിഗമനം.
അപകട സമയത്ത് ബൈക്കിന്റെ പിൻസീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു സുനില്‍. അപകടത്തില്‍ നിയന്ത്രണം വിട്ട് ബസ്സിന്റെ ചക്രത്തിനടിയിലേക്ക് തെറിച്ചുവീണ സുനിലിന്റെ ശരീരത്തിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

