Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പറഞ്ഞതെല്ലാം വിഴുങ്ങുന്ന  മുഖ്യമന്ത്രിയും യുഡിഎഫും

പറഞ്ഞതെല്ലാം വിഴുങ്ങുന്ന മുഖ്യമന്ത്രിയും യുഡിഎഫും

Janayugom Online 1 week ago

ധികാരമേറ്റിട്ട് മൂന്നാഴ്ച പോലും തികഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി വി ഡി സതീശന്റെയും സർക്കാരിന്റെയും തനിനിറം ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് വേളയിലും അതിന് മുമ്പ് പ്രതിപക്ഷമെന്ന നിലയിലും പറഞ്ഞ എല്ലാ കാര്യങ്ങളും വിഴുങ്ങുകയും നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നാക്കം പോകുകയുമാണ് അവർ ചെയ്യുന്നത്. ഈ കുറഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ ഒരു ഡസനിലധികം തവണയെങ്കിലും സർക്കാരിന്റെയും തലവനായ മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് മലക്കംമറിച്ചിലും വസ്തുതാവിരുദ്ധമായ പ്രസ്താവനകളുമുണ്ടായി. കേന്ദ്ര അധികാരത്തിന്റെ പിൻബലത്തില്‍ ബിജെപി സർക്കാർ നേരിട്ടും ഗവർണറെ ഉപയോഗിച്ചും അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന മതേതര വിരുദ്ധ നടപടികളെ നേരിയ പ്രതിഷേധം പോലുമില്ലാതെ അനുസരിക്കുന്നതാണ് വന്ദേ മാതരം ആലാപനത്തിലൂടെ നാം കണ്ടത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേളയില്‍ത്തന്നെ ഇത് വിവാദമായി. കോണ്‍ഗ്രസിന്റെ ദേശീയ നിലപാടിനും മതേതര വിശ്വാസികളുടെ കാഴ്ചപ്പാടിനും വിരുദ്ധമായിരുന്നു ഈ നടപടി. അതിന് അറിവില്ലായ്മ എന്നൊക്കെയുള്ള അഴകൊഴമ്പൻ വിശദീകരണമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. എന്നാല്‍ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുന്നതിനുള്ള തിട്ടൂരം ഏറ്റെടുത്ത് ലോക്ഭവനില്‍ ഉപവിഷ്ടനായിരിക്കുന്ന ഗവർണർ രാജേന്ദ്ര അർലേക്കറുമായുള്ള രഹസ്യ സന്ധിയുടെ ഭാഗമായിരുന്നു അതെന്ന സംശയം ബലപ്പെടുത്തുന്ന സമീപനങ്ങളും നടപടികളുമാണ് പിന്നീട് സർക്കാർ ആവർത്തിച്ചത്.

ഗവർണർ നടത്തിയ നയപ്രഖ്യാപനത്തില്‍ കേന്ദ്രസർക്കാരിനെതിരായ വിമർശനം ഒഴിവാക്കപ്പെട്ടു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവല്‍ക്കരിക്കുന്നതിനുള്ള ലോക്ഭവൻ നീക്കങ്ങളെ സഹായിക്കുന്ന സമീപനമാണ് പിന്നീട് സർക്കാരില്‍ നിന്നുണ്ടായത്. ആർഎസ്‌എസ് അധ്യാപക സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ കടുത്ത സംഘ്പരിവാർ അനുകൂലിയെ മഹാത്മാ ഗാന്ധി സർവകലാശാല വിസി ആക്കുന്നതിന് വഴിയൊരുക്കി നല്‍കിയായിരുന്നു ഇത്. ചട്ടമനുസരിച്ച്‌ വിസി ആക്കേണ്ടവരുടെ പട്ടിക നല്‍കേണ്ടത് സംസ്ഥാന സർക്കാരാണ്. അതുനല്‍കാതെ സ്വന്തം ഇഷ്ടപ്രകാരം ആളെ നിയമിക്കുന്നതിന് ഗവർണർക്ക് അവസരമൊരുക്കി നല്‍കി. സെർച്ച്‌ കമ്മിറ്റി രൂപീകരിക്കുവാനായി ചേരുന്നതിന് തീരുമാനിച്ച സർവകലാശാല സെനറ്റ് യോഗം അസൗകര്യം പറഞ്ഞ് മാറ്റിവയ്പിക്കുകയും ചെയ്തു.

എല്‍ഡിഎഫ് അധികാരത്തിലിരിക്കെ ഗവർണർമാർ സ്വന്തം ഇഷ്ടപ്രകാരം വിസിമാരെ നിയമിക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ നിയമയുദ്ധമുള്‍പ്പെടെ നടത്തി അതിനെ നേരിട്ട അനുഭവമുണ്ടായിരുന്നു. അതിനൊന്നും നില്‍ക്കാതെ സർവകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിന് ചൂട്ടുപിടിച്ച്‌ നല്‍കുകയാണ് ചെയ്തത്. വന്ദേ മാതരം ബിജെപി അജണ്ടയ്ക്ക് അനുസരിച്ച്‌ പാടാൻ അവസരം നല്‍കിയ യുഡിഎഫ് സർക്കാർ ഇനി സർക്കാർ ഔദ്യോഗിക പരിപാടികളില്‍ സംഘ്പരിവാർ രൂപകല്പനയിലുള്ള ഭാരതാംബയെ പ്രതിഷ്ഠിച്ചാലും അത്ഭുതപ്പെടേണ്ടിവരില്ല. തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫിനെതിരെ ബിജെപി ഡീലെന്ന വ്യാജപ്രചാരണം നടത്തിയവരായിരുന്നു യുഡിഎഫ്. എന്നാല്‍ യഥാർത്ഥത്തില്‍ ഡീലുണ്ടായിരുന്നത് ആർക്കായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഈ സമീപനങ്ങള്‍. പരസ്യമായാണ് ഇത്തരം നടപടികളെന്നത് മതേതരത്വത്തെകുറിച്ചുള്ള അവരുടെ വായ്ത്താരി കാപട്യമാണെന്ന് തെളിയിക്കുകയുമാണ്.

മുഖ്യമന്ത്രിയുടെയും യുഡിഎഫിന്റെയും നിലപാടുകളിലെ പ്രീണനങ്ങളും വൈരുദ്ധ്യങ്ങളും മലക്കം മറിച്ചിലും തുറന്നുകാട്ടിയതായിരുന്നു ചൊവ്വാഴ്ചത്തെ നിയമസഭാ നടപടികള്‍. ബിജെപി അംഗത്തിന് ചട്ടവിരുദ്ധമായി സംസാരിക്കുവാൻ അവസരം നല്‍കിയതായിരുന്നു ഒന്ന്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ പറഞ്ഞതിന് വിരുദ്ധമായി ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് സമാനമായ പ്രസ്താവന മുഖ്യമന്ത്രി നടത്തിയതായിരുന്നു മറ്റൊന്ന്. ഇന്ധന വിലവർധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സംസ്ഥാന സർക്കാരിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവായിരുന്ന അഞ്ചുവർഷവും അതിനു മുമ്പും ആവശ്യപ്പെട്ടിരുന്നയാളാണ് മുഖ്യമന്ത്രി വി ഡി സതീശൻ. ഇപ്പോള്‍ ഇന്ധനവില നാള്‍ക്കുനാള്‍ കൂട്ടിക്കൊണ്ടിരിക്കുന്ന വേളയില്‍ മുഖ്യമന്ത്രിയായ അദ്ദേഹം അത് ചെയ്യുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിച്ചത്. പക്ഷേ അത്തരമൊരു മണ്ടത്തരം കാട്ടാൻ ഒരുക്കമല്ലെന്ന് പറഞ്ഞ് സ്വയം പരിഹാസ്യനാകാനാണ് അദ്ദേഹം തയ്യാറായത്.

ഇന്ധന വില തങ്ങള്‍ക്ക് തോന്നിയതുപോലെ വർധിപ്പിക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് അവകാശം നല്‍കിയ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാണ് വി ഡി സതീശനെന്ന വൈരുദ്ധ്യവുമുണ്ട്. അതുപോലെ തന്നെയാണ് കൊച്ചി മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന വിധം മുഖ്യമന്ത്രിയും ഭരണകക്ഷിയും നടത്തിയ പ്രസ്താവനകള്‍. ഉന്നതിയില്‍ താമസിക്കുന്നവർ പുനരധിവാസത്തിന് സന്നദ്ധമായെന്നാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല എന്നും ചർച്ചപോലും നടന്നിരുന്നില്ലെന്നുമാണ് പ്രദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രതികരണത്തിന് ഉത്തരവാദപ്പെട്ടവർ തയ്യാറായതുമില്ല. ഈവിധത്തില്‍ സ്വന്തം വാക്കുകള്‍ വിഴുങ്ങുകയും കള്ളം പറഞ്ഞ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന ഭരണാധികാരികളെയാണ് ആദ്യ ദിനങ്ങളില്‍തന്നെ നാം കാണുന്നത് എന്നത് ദൗർഭാഗ്യകരമെന്നേ പറയാനുള്ളൂ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online