ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ഭരണകൂട പിന്തുണയോടെ മൂലധനത്തിന്റെ അതിരില്ലാത്ത ലാഭാർത്തിയുടെ അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന ആദിവാസി ജനതയോടുള്ള ഐക്യദാർഢ്യ ദിനമായി ആചരിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
ജൂണ്‍ അഞ്ചിന് എല്ലാ പാർട്ടി ഘടകങ്ങളും ഐക്യദാർഢ്യ വൃക്ഷങ്ങള്‍ നട്ടുകൊണ്ട് ഈ ദിനം ആചരിക്കുന്നതാണ്.
ഛത്തീസ്ഗഡിലും ഝാർഖണ്ഡിലും ഉള്‍പ്പെടെ വിവേചനരഹിതമായി ധാതു ഖനനവും വന വിഭവ ചൂഷണവും നടത്തുന്നതിന് വിഘാതമെന്ന് അവർ കരുതുന്ന ഗോത്ര സമൂഹങ്ങളെ ഇല്ലായ്മ ചെയ്യുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ കോർപറേറ്റ് ഭീമന്മാർ സ്വീകരിച്ചു വന്നിട്ടുള്ളത്.
ഈ ദിശയിലുള്ള ഒടുവിലത്തെ നീക്കമാണ് 130 ചതുരശ്ര മൈല്‍ വിസ്തൃതമായ വനപ്രദേശങ്ങള്‍ ഡീ നോട്ടിഫൈ ചെയ്തുകൊണ്ടുള്ള ഗ്രേറ്റ് നിക്കോബാർ പദ്ധതി. വമ്പൻ തുറമുഖവും വിമാനത്താവളവും ടൗണ്‍ഷിപ്പും അടക്കം വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഈ പ്രദേശം വമ്പിച്ച പാരിസ്ഥിതിക പ്രാധാന്യമുള്ളതും ബൃഹത്തായ അളവില്‍ ശുദ്ധവായുവിന്റെ സ്രോതസുമാണ്. മനുഷ്യനെയും ജീവന്റെ ഏക വാസഗേഹമായ ഭൂമിയെയും മറന്നു കൊണ്ടുള്ള ആഗോള മുതലാളിത്തത്തിന്റെ കമ്പോളാധിഷ്ഠിത വികസന നയത്തിന്റെ നടത്തിപ്പുകാരാണ് ഇന്ന് രാജ്യം ഭരിക്കുന്ന ആർഎസ്‌എസ് -ബിജെപി ഭരണകൂടം.
സമ്പത്തും വികസനത്തിന്റെ ഗുണഫലങ്ങളും ഒരു ചെറുന്യൂനപക്ഷത്തിന് മാത്രം അനുഭവവേദ്യമാകുമ്പോള്‍ ആദിവാസികളും ദുർബല ജനവിഭാഗങ്ങളും കൂടുതല്‍ കൂടുതല്‍ പാർശ്വവല്‍ക്കരിക്കപ്പെടുകയാണ് ഇന്നത്തെ ഇന്ത്യയില്‍. അവരുടെ ഭൂമിയും ജലവും ആവാസവ്യവസ്ഥയും തൊഴിലും മാത്രമല്ല ശുദ്ധവായുപോലും കവർന്നെടുക്കപ്പെടുകയാണ്. അവരോടുള്ള ഐക്യദാർഢ്യ പ്രകടനമാണ് ഈ പരിസ്ഥിതി ദിനത്തെ സാർത്ഥകമാക്കുന്നത് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി കരുതുന്നത് ഈ പശ്ചാത്തലത്തില്‍ ആണെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

