എറണാകുളം പാരിയത്ത് കാവിലെ എട്ട് പാവപ്പെട്ട കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.
മുൻപ് അധികാരത്തിലുണ്ടായിരുന്ന എല്‍ഡിഎഫ് സർക്കാർ സമർപ്പിച്ച ഹർജി തെരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു. കോടതി നിലപാട് ഇന്ന് ഈ കുടുംബങ്ങള്‍ക്ക് ഏറെ നിർണ്ണായകമാകും.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി രണ്ട് ദിവസം തികയും മുൻപേയായിരുന്നു പാരിയത്ത് കാവില്‍ നാടിനെ നടുക്കിയ പോലീസ് നരനായാട്ട് അരങ്ങേറിയത്. എട്ട് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനായി വൻ പൊലീസ് സന്നാഹം എത്തുകയും പ്രായമായവരേയും സ്ത്രീകളേയും കുട്ടികളേയും ക്രൂരമായി ആക്രമിക്കുകയും ചെയ്തു. പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചിരുന്നു.

