പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധസാഹചര്യങ്ങള്‍ മധ്യപൂർവ-വടക്കേ ആഫ്രിക്കൻ (മെന) രാജ്യങ്ങളിലെ തൊഴില്‍വിപണിയെയും സാമ്പത്തിക വളർച്ചയെയും ഗുരുതരമായി ബാധിക്കുമെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ല്യു ഇ എഫ്) മുന്നറിയിപ്പ്.
പ്രതിസന്ധിയുടെ പ്രത്യാഘാതമായി ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസി പണമിടപാടുകളില്‍ (റെമിറ്റൻസ്) വൻ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നും ഫോറം പുറത്തുവിട്ട 'ചീഫ് ഇക്കണോമിസ്റ്റ്സ് ഔട്ട്ലുക്ക്' റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് കേരളം ഉള്‍പ്പെടെയുള്ള വിദേശ വരുമാനത്തെ ആശ്രയിക്കുന്ന സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാകും.
ആഗോളതലത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധർക്കിടയില്‍ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സർവേയില്‍ പങ്കെടുത്ത 74 ശതമാനം വിദഗ്ധരും അടുത്ത 12 മാസത്തിനുള്ളില്‍ ഗള്‍ഫ് മേഖലയിലെ തൊഴില്‍ വളർച്ച അതീവ ദുർബലമായിരിക്കുമെന്ന് വിലയിരുത്തുന്നു. യുദ്ധ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വം കാരണം വൻകിട കമ്പനികള്‍ പുതിയ നിയമനങ്ങളും വിപുലീകരണ പദ്ധതികളും താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. രാജ്യാന്തര വ്യാപാരം, വിനോദസഞ്ചാരം, വിദേശ നിക്ഷേപം എന്നീ മേഖലകള്‍ക്കാണ് നിലവിലെ സംഘർഷം വലിയ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടാനുള്ള സൂചനകളില്ലെന്നും റിപ്പോർട്ടിലുണ്ട്.
അമേരിക്ക, ഇസ്രയേല്‍, ഇറാൻ എന്നിവ ഉള്‍പ്പെടുന്ന മേഖലാ സംഘർഷങ്ങള്‍ തൊഴില്‍ മേഖലയില്‍ ദീർഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയും (ഐ. എല്‍. ഒ) മുന്നറിയിപ്പ് നല്‍കുന്നു. ആഗോള വിതരണ ശൃംഖലകളിലെ (സപ്ലൈ ചെയിൻ) തടസ്സങ്ങള്‍, വിദേശ നിക്ഷേപത്തിലുണ്ടായ ഇടിവ്, ഗതാഗത മേഖലയിലെ പ്രതിസന്ധികള്‍ എന്നിവ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വലിയ തടസ്സമാകുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പുവരെ മധ്യപൂർവ മേഖലയുടെ സാമ്പത്തിക ഉണർവിനെക്കുറിച്ച് വിദഗ്ധർ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും, യുദ്ധവ്യാപനം കണക്കുകൂട്ടലുകള്‍ പൂർണ്ണമായും തെറ്റിക്കുകയായിരുന്നു. ഗള്‍ഫിലെ വിപണി മന്ദതയും നിക്ഷേപകരുടെ പിൻവാങ്ങലും വരും മാസങ്ങളില്‍ തൊഴില്‍ വിപണിയെ കൂടുതല്‍ കടുപ്പമേറിയതാക്കുമെന്നാണ് സാമ്പത്തിക വിലയിരുത്തല്‍.

