Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെല്ലറ്റ് ആക്രമണം, മഫ്തി പൊലീസ്; കേന്ദ്രം പ്രതിക്കൂട്ടില്‍

പെല്ലറ്റ് ആക്രമണം, മഫ്തി പൊലീസ്; കേന്ദ്രം പ്രതിക്കൂട്ടില്‍

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടില്‍.

പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കാന്‍ ഇന്ത്യ സഖ്യം നീക്കങ്ങള്‍ ശക്തമാക്കി. ഭരണകൂട ഭീകരതയുടെ ഉത്തമ ദൃഷ്ടാന്തമായി മാറിയ വിഷയം വരുംദിവസങ്ങളില്‍ പാർലമെന്റ് നടപടികളെ പൂർണമായും പ്രക്ഷുബ്ധമാക്കും. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചുവെന്നും മഫ്തിയില്‍ പൊലീസുകാരെ വിന്യസിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ പറതിപക്ഷം ആയുധമാക്കുമ്പോള്‍ കേന്ദ്രത്തിന് ഉത്തരം പറയേണ്ടി വരും. പരീക്ഷകള്‍ സുതാര്യമായി നടത്താൻ കഴിയാത്ത സർക്കാരിന്റെ വീഴ്ചകളെ ചോദ്യം ചെയ്ത വിദ്യാർത്ഥികള്‍ക്കുനേരെ മാരകായുധങ്ങള്‍ പ്രയോഗിച്ച നടപടി പാർലമെന്റില്‍ സർക്കാരിന് വലിയ തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തല്‍.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിനെയും മറ്റ് ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചതിനെയും തുടർന്ന് കോക്രോച്ച്‌ ജനതാ പാർട്ടി തങ്ങളുടെ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികള്‍. പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണം. പെല്ലറ്റുകള്‍ എവിടെനിന്ന് വന്നുവെന്നും അത് ഉപയോഗിക്കാൻ ആരാണ് അനുമതി നല്‍കിയതെന്നും ആഭ്യന്തരമന്ത്രി വിശദീകരിക്കണം. പൊലീസ് അതിക്രമത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

ദ്രുതകര്‍മ്മ സേന (ആര്‍എഎഫ്) യ്ക്കെതിരെയുള്ള ആരോപണങ്ങളോട് സിആർപിഎഫ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം ഈ വിഷയത്തില്‍ ഉണ്ടാകണമെന്ന് രാജ്യമാകെ ആവശ്യമുയര്‍ന്നിട്ടുണ്ട്. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ് ചട്ടം 267 പ്രകാരം അടിയന്തര നോട്ടീസ് നല്‍കി. പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതിനെത്തുടർന്ന് ഒരു വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും നോട്ടീസില്‍ അവർ സൂചിപ്പിക്കുന്നു,

സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമിത് ഷായ്ക്ക് കത്തയച്ചു. യുവാക്കള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിക്കാൻ ആഭ്യന്തരമന്ത്രി അനുമതി നല്‍കിയിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.

പൊലീസ് അതിക്രമത്തില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകരടക്കം നൂറുകണക്കിന് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വനിതാ പ്രതിഷേധക്കാരെ പുരുഷ പൊലീസ് ആക്രമിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നു. മഫ്തിയില്‍ വന്ന് വിദ്യാർത്ഥികളെ ലാത്തികൊണ്ട് മർദിച്ചവർ പോലീസുകാരാണോ അതോ മറ്റാരെങ്കിലുമാണോ എന്നും അവരെ വിന്യസിക്കാൻ ആരാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ചോദിക്കുന്നു.

പുതിയ ബില്ലിനെതിരെ വ്യാപകവിമര്‍ശനം

അതേസമയം മുഖംരക്ഷിക്കല്‍ നടപടികളുടെ ഭാഗമായി പേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമം കർശനമാക്കാൻ കേന്ദ്ര സർക്കാർ ഇന്ന് ലോക്‌സഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കും. കുറ്റക്കാർക്ക് 10 വർഷം വരെ തടവും 50 ലക്ഷം രൂപ മുതല്‍ 10 കോടി രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ് ബില്‍. എന്നാല്‍ ഈ ബില്‍ നിയമപരമായി നിരവധി പോരായ്മകള്‍ നിറഞ്ഞതാണ് എന്ന് വിമർശനം ഉയരുന്നു.
കുറ്റകൃത്യം നടന്നതിന് ശേഷം ശിക്ഷ നല്‍കുന്നതിന് അപ്പുറം ഇത്തരം തട്ടിപ്പുകള്‍ മുൻകൂട്ടി തടയാനുള്ള ശക്തമായ സംവിധാനങ്ങള്‍ പുതിയ ബില്ലില്‍ ഇല്ല എന്നതാണ് പ്രധാന വിമർശനം. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻടിഎയുടെ ഘടനാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനോ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഉറപ്പാക്കാനോ വ്യക്തമായ വ്യവസ്ഥകളില്ല.

രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും എന്ന് ബില്ലില്‍ പറയുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോടതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കാതെ ഇത് എങ്ങനെ പ്രായോഗികമാകും എന്നതില്‍ ഉത്തരമില്ല. ശിക്ഷയിലുള്ള വര്‍ധന കേവലം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സർക്കാരിന്റെ തന്ത്രം മാത്രമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ന് രാവിലെ ചേരുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗമായിരിക്കും ബില്ലിന്മേലുള്ള നിലപാടില്‍ തീരുമാനമെടുക്കുക. നീറ്റ് വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായും തടസപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online