Dailyhunt
ഫിലിപ്പീൻസില്‍ സൈനിക നടപടി: രണ്ട് യുഎസ് പൗരന്മാരടക്കം 19 പേര്‍ കൊല്ലപ്പെട്ടു

ഫിലിപ്പീൻസില്‍ സൈനിക നടപടി: രണ്ട് യുഎസ് പൗരന്മാരടക്കം 19 പേര്‍ കൊല്ലപ്പെട്ടു

Janayugom Online 1 week ago

ഫിലിപ്പീൻസിലെ നെഗ്രോസ് ഒക്‌സിഡന്റല്‍ പ്രവിശ്യയിലുണ്ടായ സൈനിക നടപടിയില്‍ 19 പേർ കൊല്ലപ്പെട്ടു. ഏകദേശം 12 മണിക്കൂർ നീണ്ടുനിന്ന സൈനിക നടപടിയില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് യുഎസ് പൗരന്മാരും വിദ്യാർത്ഥി നേതാക്കളും പത്രപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ഉള്‍പ്പെടുന്നു.

കലാപ വിരുദ്ധ ഓപ്പറേഷൻ നടത്തുകയാണെന്നും കൊല്ലപ്പെട്ടവർ ആയുധധാരികളും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസുമായി (സിപിപി) ബന്ധപ്പെട്ട നിരോധിത സായുധ ഗ്രൂപ്പായ ന്യൂ പീപ്പിള്‍സ് ആർമി (എൻപിഎ)യിലെ അംഗങ്ങളുമാണെന്നാണ് സായുധ സേന അവകാശപ്പെടുന്നത്.

കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് ഒമ്പത് പേരെങ്കിലും പത്രപ്രവർത്തകർ, വിദ്യാർത്ഥികള്‍, കമ്മ്യൂണിറ്റി ഗവേഷകർ എന്നീ നിലകളില്‍ പ്രവർത്തിക്കുന്ന സാധാരണക്കാരാണെന്നും അല്ലെങ്കില്‍ പ്രദേശവാസികളും പ്രായപൂർത്തിയാകാത്തവരാണെന്നും ആസിയാൻ പാർലമെന്റേറിയൻസ് ഫോർ ഹ്യൂമൻ റൈറ്റ്സ് (എപിഎച്ച്‌ആർ) വ്യക്തമാക്കി. കൊലപാതകങ്ങളെ "ഗുരുതരമായ മനുഷ്യാവകാശ ലംഘനം" എന്ന് എപിഎച്ച്‌ആർ വിശേഷിപ്പിച്ചു.

ലൈല്‍ പ്രിജോള്‍സ്, കൈ ഡാന-റെനെ സോറം എന്നിവരാണ് മരിച്ച യുഎസ് പൗരന്മാര്‍. പത്രപ്രവർത്തകൻ ആർജെ ലെഡെസ്മ, വിദ്യാർത്ഥി പ്രവർത്തകരായ അലിസ്സ അലാനോ, മൗറീൻ സാന്റുയോ, എറോള്‍ വെൻഡല്‍ എന്നിവരും മരിച്ചു. എല്ലാത്തരം വിയോജിപ്പുകളും "കമ്മ്യൂണിസ്റ്റ് അനുഭാവികള്‍" എന്ന് മുദ്രകുത്തി ഇല്ലാതാക്കാനുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ ശ്രമങ്ങളുടെ മറ്റൊരു പ്രകടനമായാണ് ടൊബോസോയിലെ കൊലപാതകങ്ങളെ എപിഎച്ച്‌ആര്‍ വിശേഷിപ്പിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online