ഫിലിപ്പീൻസില്‍ യാത്രാ ബോട്ടിന് തീപിടിച്ചു. അപകടത്തില്‍ അഞ്ച് മരണം. 87 പേരെ കാണാതായതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം ഫിലിപ്പൈൻസിലെ പലാവൻ പ്രവിശ്യയില്‍ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. മനിലയില്‍ നിന്ന് പുറപ്പെട്ട എം/വി ജൂണ്‍ ആസ്റ്റർ എന്ന ബോട്ടിലാണ് അപകടമുണ്ടായത്. കരയില്‍ നിന്ന് 2.2 കിലോമീറ്റർ (1.3 മൈല്‍) അകലെവെച്ചാണ് കപ്പലില്‍ തീ പടർന്നത്. കോസ്റ്റ് ഗാർഡ് എത്തിയാണ് തീയണയ്ക്കാൻ ശ്രമിച്ചത്.
യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ ആകെ 134 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 38 യാത്രക്കാരും 4 ജീവനക്കാരും ഉള്‍പ്പെടെ 42 പേരെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ച് പേരെ കരയിലെത്തിച്ചു. കാണാതായവർക്കായി തിരച്ചില്‍ തുടരുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ കോസ്റ്റ് ഗാർഡ് സോഷ്യല്‍ മീഡിയയയില്‍ പങ്കുവച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങളും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് ക്യാപ്റ്റൻ നോമി കയാബ്യാബ് അറിയിച്ചു.

