Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രചോദനം നല്‍കുന്ന കൂടിച്ചേരലും പ്രതിഷേധവും

പ്രചോദനം നല്‍കുന്ന കൂടിച്ചേരലും പ്രതിഷേധവും

Janayugom Online 3 weeks ago

യുഎസിന്റെ നേതൃത്വത്തിലും പിന്തുണയിലും യുദ്ധങ്ങളും ഉപരോധങ്ങളും മേല്‍ക്കൈ നേടുന്ന സാര്‍വദേശീയ പരിതസ്ഥിതിയിലും വ്യത്യസ്തവും പുരോഗമനപരമെന്ന് വിശേഷിപ്പിക്കാവുന്നതുമായ സംഭവങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുന്നുണ്ട്.

അതില്‍ പ്രധാനപ്പെട്ട ഒന്ന് ബാഴ്സലോണയില്‍ നടന്ന ഒരു കൂടിച്ചേരലും മറ്റൊന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച്‌ കെനിയയില്‍ നടന്ന പ്രതിഷേധവുമാണ്. ലോകരാജ്യങ്ങളിലെ പുരോഗമനകാംക്ഷികളെ സംബന്ധിച്ച്‌ പ്രചോദനം നല്‍കുന്നതാണ് ഈ രണ്ട് സംഭവങ്ങളും.സ്പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാഴ്സലോണയിലാണ് ലോകമെമ്പാടുമുള്ള പുരോഗമന നേതാക്കള്‍ ഒത്തുകൂടിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ഇറാനെതിരായ യുഎസ് - ഇസ്രയേല്‍ യുദ്ധത്തിന്റെയും തുറന്ന വിമർശകനായ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാരായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ (ബ്രസീല്‍), ക്ലോഡിയ ഷെയിൻബോം (മെക്സിക്കോ), സിറില്‍ റമാഫോസ (ദക്ഷിണാഫ്രിക്ക), ഗുസ്താവോ പെട്രോ (കൊളംബിയ), യുഎസ് സെനറ്റർ ക്രിസ് മർഫി, മിനസോട്ട ഗവർണർ ടിം വാള്‍സ്, യുണൈറ്റഡ് കിങ്ഡത്തിലെയും ജർമ്മനിയിലെയും മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.
ട്രംപിനെ പേരെടുത്ത് വിമര്‍ശിച്ചില്ലെങ്കിലും പുതിയകാല ലോകത്ത് അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളും യുദ്ധഭ്രാന്തിന്റെയും ഉപരോധങ്ങളുടെയും ഫലമായി മാനവരാശി നേരിടുന്ന പ്രതിസന്ധികളും യോഗത്തില്‍ പ്രസംഗിച്ചവരെല്ലാം പരാ‍മര്‍ശിച്ചു. യുഎസിന്റെ പാര്‍ശ്വവര്‍ത്തിയായി രൂപം കൊള്ളുകയും നിലനില്‍ക്കുകയും ചെയ്യുന്ന നാറ്റോ സഖ്യം തന്റെ തിട്ടൂരത്തിനനുസരിച്ച്‌ നിലപാടെടുക്കുന്നില്ലെന്ന് വരുമ്പോള്‍ അതിനെയും ഐക്യരാഷ്ട്രസഭയെയും പരിഹസിക്കുന്നതുള്‍പ്പെടെ ട്രംപിന്റെ നിലപാടുകളും ചര്‍ച്ചാ വിഷയമായി. പതിറ്റാണ്ടുകളായുള്ള യുഎസ് വിദേശനയം ലംഘിച്ച്‌, അമേരിക്കൻ പ്രസിഡന്റ് കൈക്കൊള്ളുന്ന ഏകപക്ഷീയ തീരുമാനങ്ങളും യോഗത്തില്‍ ഉയര്‍ന്നു. തെരഞ്ഞെടുക്കപ്പെട്ട സമിതികളെയോ നീതിന്യായ സംവിധാനങ്ങളെയോ വിലമതിക്കാതെയുള്ള നടപടികള്‍ സ്വേച്ഛാധിപത്യമല്ലാതെ മറ്റൊന്നല്ലെന്ന അഭിപ്രായങ്ങളുമുണ്ടായി.

ബഹുകക്ഷി സംവിധാനത്തിനെതിരായ ആക്രമണങ്ങളും അന്താരാഷ്ട്ര നിയമത്തെ ദുർബലപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളും ബലപ്രയോഗത്തിന്റെ അപകടകരമായ സാമാന്യവല്‍ക്കരണവും നാമെല്ലാവരും കാണുന്നുവെന്ന് പെഡ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനില്‍ പ്രവർത്തിക്കുന്ന സംയുക്ത സൈനിക താവളങ്ങള്‍ ഇറാൻ യുദ്ധത്തിനുവേണ്ടി ഉപയോഗിക്കാൻ യുഎസിനെ അനുവദിക്കാത്തതിനും ജിഡിപിയുടെ രണ്ട് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി സൈനിക ചെലവ് ഉയർത്താൻ വിസമ്മതിച്ചതിനും ട്രംപിന്റെ അവഹേളനം നേരിട്ട ഭരണാധികാരി കൂടിയാണ് സാഞ്ചസ്.
ഇതിനുള്ള പ്രതികരണം സാഞ്ചസ് യോഗത്തില്‍ നടത്തുകയുണ്ടായി. 'വലതുപക്ഷം അലറുകയും വെപ്രാളപ്പെടുകയും ചെയ്യുന്നത് അവർ വിജയിക്കുന്നതുകൊണ്ടല്ല, മറിച്ച്‌ അവരുടെ സമയം കഴിഞ്ഞുപോയെന്ന് അവർക്കറിയാം എന്നതുകൊണ്ടാണ്' എന്നായിരുന്നു സാഞ്ചസിന്റെ വാക്കുകള്‍.
നമ്മുടെ നിലപാടുകളും വിശ്വാസങ്ങളും മോശമാണെന്ന് വരുത്തി, നാണം കെടുത്താനാണ് അവര്‍ ശ്രമിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അവർ നാണംകെട്ടുകൊണ്ടിരിക്കുന്നുവെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. തീവ്ര വലതുപക്ഷം സാര്‍വദേശീയമായതിനാല്‍ നമ്മളും അങ്ങനെ തന്നെ ആയിരിക്കണമെന്നായിരുന്നു ജർമ്മൻ വൈസ് ചാൻസലറും ധനമന്ത്രിയുമായ ലാർസ് ക്ലിങ്ബെയ്ല്‍ യോഗത്തില്‍ പറഞ്ഞത്. ഡെമോക്രാറ്റ് സെനറ്റർ മർഫി ഉള്‍പ്പെടെയുള്ളവരും സംസാരിച്ചു. ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി, മുൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലരി ക്ലിന്റണ്‍, സെനറ്റർ ബെർണി സാൻഡേഴ്‌സ് എന്നിവര്‍ വീഡിയോ സന്ദേശങ്ങള്‍ അയച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ അവരുടെ കടമ നിറവേറ്റുകയും സമാധാനം ഉറപ്പാക്കുകയും വേണമെന്നും ലോകത്തിന് ഇനി ഒരു യുദ്ധവും സഹിക്കാൻ കഴിയാത്തതിനാല്‍ ഈ യുദ്ധഭ്രാന്ത് നിർത്തണമെന്നും യോഗം ആഹ്വാനം ചെയ്തു.
പുതിയ കോളനിവല്‍ക്കരണ നീക്കമെന്ന് സംശയിക്കുന്ന ഉച്ചകോടിക്കെതിരെയാണ് ആഫ്രിക്കയില്‍ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുന്നത്. മേയ് 11, 12 തീയതികളില്‍ ആഫ്രിക്കയും ഫ്രാന്‍സും തമ്മില്‍ വികസനത്തിനും പുരോഗതിക്കുമുള്ള പങ്കാളിത്തമെന്ന പേരില്‍ നടക്കുന്ന ആഫ്രിക്ക മുന്നേറ്റ ഉച്ചകോടിക്കെതിരെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും മറ്റ് ഇടതുപുരോഗമന ശക്തികളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധം.

കെനിയൻ, ഫ്രഞ്ച് സർക്കാരുകള്‍ സംയുക്തമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഫ്രഞ്ച് ഭാഷ സംസാരിക്കാത്ത ഒരു ആഫ്രിക്കൻ രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു ഉയർന്ന തലത്തിലുള്ള ഫ്രാൻസ് - ആഫ്രിക്ക ഉച്ചകോടി നടക്കുന്നത്. എന്നാല്‍ നവീകരണത്തിന്റെയും വളർച്ചയുടെയും വാചാടോപങ്ങള്‍ക്കപ്പുറം, ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ ഫ്രാൻസ് നടത്തുന്ന വിശാലമായ ഭൗമരാഷ്ട്രീയ അധിനിവേശ പുനഃസ്ഥാപനത്തിന്റെ ഭാഗമാണ് ഇതെന്നാണ് ഇടതു, പുരോഗമന പ്രസ്ഥാനങ്ങള്‍ വിലയിരുത്തുന്നത്. സഹേല്‍ മേഖലയില്‍ തങ്ങളുടെ സ്വാധീനം കുറയുന്ന സാഹചര്യത്തില്‍ ആഫ്രിക്കയില്‍ ആധിപത്യമുറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഉച്ചകോടിയെന്നതിനാലാണ് പ്രതിഷേധം ശക്തമായത്. സമീപ വർഷങ്ങളില്‍, മാലി, ബുർക്കിന ഫാസോ, നൈജർ തുടങ്ങിയ രാജ്യങ്ങള്‍ ബഹുജന പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. ഇത് ഫ്രഞ്ച് സൈനികരെ പുറത്താക്കുന്നതിലേക്കും ദീർഘകാല സൈനിക, സാമ്പത്തിക ഇടപാടുകള്‍ ഇല്ലാതാകുന്നതിലേക്കും നയിച്ചു. കിഴക്കൻ ആഫ്രിക്ക പുതിയ തന്ത്ര പ്രധാന മേഖലയായി ഉയർന്നുവരുന്നതോടെ, ഫ്രാൻസ് ആധിപത്യം സ്വയം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തെയാണ് ഉച്ചകോടി പ്രതിഫലിപ്പിക്കുന്നതെന്നാണ് കെനിയയിലെ പുരോഗമനവാദികള്‍ പറയുന്നത്.

കെനിയയും ഫ്രാൻസും തമ്മില്‍ പുതുതായി ഒപ്പുവച്ച പ്രതിരോധ സഹകരണ കരാർ ഉള്‍പ്പെടെ സമീപകാല സംഭവവികാസങ്ങള്‍ ഈ വ്യാഖ്യാനത്തെ ശരിവയ്ക്കുന്നു. ഇത് രാജ്യത്ത് ഫ്രഞ്ച് സൈനികരുടെ സാന്നിധ്യത്തിനും നിയമപരമായ പദവിക്കും ചട്ടക്കൂട് സ്ഥാപിക്കുന്നു. പരിസ്ഥിതി നയതന്ത്രത്തിന്റെയും സാമ്പത്തിക പരിഷ്കരണത്തിന്റെയും പേരില്‍ സാമ്രാജ്യത്വ പുനര്‍ കോളനിവല്‍ക്കരണത്തിനുള്ള മുഖംമൂടി ധരിച്ച ശ്രമമാണ് ഉച്ചകോടിയെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടുന്ന മേഖലകളായ കാലാവസ്ഥാ ധനകാര്യം, ഹരിത ഊർജം, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നിവ നിഷ്പക്ഷ വികസന മുൻഗണനകളല്ല, മറിച്ച്‌ വിദേശ മൂലധനം നിക്ഷേപിച്ച്‌ ആഫ്രിക്കൻ സമ്പദ്‌വ്യവസ്ഥകളില്‍ നിന്ന് വന്‍ലാഭം കടത്തിക്കൊണ്ടുപോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം മുന്‍കൈകള്‍ പ്രാദേശിക ഇടനിലക്കാര്‍, വൻകിട ഭൂവുടമകള്‍, ഉദ്യോഗസ്ഥര്‍, മുതലാളിമാർ തുടങ്ങിയവര്‍ക്ക് വ്യാപാര പങ്കാളിത്തങ്ങളിലൂടെയും അഴിമതിയിലൂടെയും അനുഗ്രഹങ്ങള്‍ കൊണ്ടുവരുമെങ്കിലും ആഫ്രിക്കൻ ജനതയ്ക്ക് ദുരിതം, ദാരിദ്ര്യം, ബുദ്ധിമുട്ടുകള്‍ എന്നിവ മാത്രമേ വരുത്തൂ എന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്കൊപ്പം സാമ്രാജ്യത്വത്തിനെതിരായ ആഫ്രിക്ക എന്ന പേരില്‍ ബദല്‍ ഉച്ചകോടി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

നയതന്ത്രത്തിന്റെ മുഖംമൂടിയില്‍ വിളിച്ചുകൂട്ടുന്ന സാമ്രാജ്യത്വ യുദ്ധ സമ്മേളനമെന്നാണ് ഉച്ചകോടിയെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജനറല്‍ ബുക്കർ ഒമോള്‍ വിശേഷിപ്പിച്ചത്. 'ഫ്രാൻസ് ഒരിക്കലും ആഫ്രിക്കയുടെ പങ്കാളിയായിരുന്നിട്ടില്ല. ഫ്രാൻസ് ഒരു കൊള്ളക്കാരനായിരുന്നു. അത് നമ്മുടെ സമ്പത്ത് കൊള്ളയടിച്ചു, നമ്മുടെ മണ്ണില്‍ സൈന്യത്തെ വിന്യസിച്ചു, ജനങ്ങള്‍ ദാരിദ്ര്യവും അപമാനവും സഹിക്കുമ്പോള്‍ വിദേശ താല്പര്യങ്ങള്‍ സേവിക്കുന്ന ഭരണകൂടങ്ങളെ പ്രതിഷ്ഠിച്ചു. എത്ര മിനുക്കിയ ഭാഷയോ, ഉച്ചകോടി പ്രഖ്യാപനമോ, ഹസ്തദാനമോ നടത്തിയാലും സത്യം മറയ്ക്കാൻ കഴിയില്ല. തോക്ക് കൈവശം വച്ചുകൊണ്ട് മൃദുവായി സംസാരിച്ചാലും സാമ്രാജ്യത്വം സാമ്രാജ്യത്വമായിത്തന്നെ തുടരു'മെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഇഷ്ടത്തിനെതിരെ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏതൊരു ആഫ്രിക്കൻ നേതാവും ചരിത്രത്തിന്റെ തെറ്റായ വശത്താണ് നിലകൊള്ളുന്നത്, വിമോചനവുമായിട്ടല്ല, അടിച്ചമർത്തലുമായി സന്ധി ചെയ്യുകയാണെന്ന് ഓര്‍ക്കണമെന്നും ബുക്കർ കൂട്ടിച്ചേര്‍ത്തു. യുഎസ് ഉള്‍പ്പെടെ സാമ്രാജ്യത്വം സാര്‍വദേശീയമായി ശക്തമാക്കുന്ന അധിനിവേശ തന്ത്രങ്ങള്‍ക്കെതിരായാണ് ബാഴ്സലോണ കൂട്ടായ്മയെങ്കില്‍ പുതിയ പേരില്‍ അധിനിവേശ നീക്കം നടത്തുന്ന ഫ്രാന്‍സിന്റെ നടപടിക്കെതിരെയാണ് കെനിയയിലും ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളിലും നടക്കുന്ന പ്രതിഷേധം. ലോക ജനസംഖ്യയിലെ വലിയ വിഭാഗം ദാരിദ്ര്യം, തൊഴിലില്ലായ്മ, കാലാവസ്ഥാ പ്രശ്നങ്ങള്‍, കുടിയിറക്കം എന്നിങ്ങനെ മാനുഷിക പ്രശ്നങ്ങള്‍ നേരിടുകയാണ്. അവ പരിഹരിക്കുന്നതിനുപകരം ആധിപത്യവിപുലീകരണവും ലാഭവര്‍ധനയും മാത്രം ലക്ഷ്യമാക്കിയുള്ള നടപടികളാണ് കോര്‍പറേറ്റ് ശക്തികളുടെ പിന്‍ബലത്തോടെ സാമ്രാജ്യത്വ ശക്തികള്‍ കൈക്കൊള്ളുന്നത്. ഈയൊരു പശ്ചാത്തലത്തിലാണ് ബാഴ്സലോണ കൂട്ടായ്മയും ആഫ്രിക്കന്‍ പ്രതിഷേധവും ശ്രദ്ധേയമാകുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online