രാജ്യത്തെ പഞ്ചസാര ലഭ്യത ഉറപ്പുവരുത്തുന്നതിനായി വൻ തുകയുടെ പഞ്ചസാര ശേഖരം ആഭ്യന്തര വിപണിയിലെത്തിക്കാൻ നടപടി.
ഇന്ത്യൻ പഞ്ചസാര റിഫൈനർമാരുടെ കൈവശമുള്ള 33.5 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലേക്ക് എത്തിക്കുന്നതോടെ ലഭ്യത വർധിക്കുകയും ചില്ലറ വില്‍പ്പന വില കുറയുകയും ചെയ്യും.
കയറ്റുമതിക്കായി നികുതി രഹിതമായി ഇറക്കുമതി ചെയ്ത് സംസ്കരിച്ച പഞ്ചസാരയില്‍ ഒരു ഭാഗം പ്രാദേശിക വിപണിയില്‍ വില്‍ക്കാൻ റിഫൈനർമാർക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച 10 ലക്ഷം ടണ്‍ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നല്‍കിയിരുന്നു. വിപണിയിലെ വിതരണ തടസ്സങ്ങള്‍ പരിഹരിക്കാൻ കുറഞ്ഞത് 3 ലക്ഷം ടണ്‍ സംസ്കരിച്ച പഞ്ചസാര ഉടനടി എത്തിക്കും.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ മില്ലുകളില്‍ നിന്നുള്ള പഞ്ചസാരയുടെ എക്സ്-മില്‍ വിലയില്‍ 20 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. ബുധനാഴ്ച മഹാരാഷ്ട്രയിലെ കോലാപൂരില്‍ എക്സ്-മില്‍ വില കിലോയ്ക്ക് 48 രൂപയായി കുറഞ്ഞപ്പോള്‍, ഉത്തർപ്രദേശില്‍ ഇത് ഏകദേശം 53 രൂപയായിരുന്നു.ഊഹക്കച്ചവടവും കൃത്രിമ സംഭരണവുമാണ് മുൻപ് വില വർധനവിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയില്‍ പഞ്ചസാര ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ദീപക് ബാലാനി പറഞ്ഞു.

