രാജ്യത്തെ മത്സരപരീക്ഷകളിലെ അട്ടിമറികളും ചോദ്യപേപ്പർ ചോർച്ചയും തടയാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നല്‍കി.
ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തില്‍ വന്നു.പരീക്ഷാ തട്ടിപ്പുകള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്ന മാഫിയകളെ അടിച്ചമർത്താനും കേസ് വിചാരണകള്‍ നീണ്ടുപോകുന്നത് ഒഴിവാക്കാനുമാണ് പുതിയ നിയമനിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
യോഗ്യരായ ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. വൻകിട പരീക്ഷാ തട്ടിപ്പുകള്‍ അന്വേഷിക്കുന്നതിനായി കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാം. കുറ്റകൃത്യം നടന്ന് രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണം. വിചാരണയ്ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും.
കുറ്റപത്രം നല്‍കി മൂന്ന് മാസത്തിനകം ദിവസേന വിചാരണ നടത്തി കേസില്‍ തീർപ്പ് കല്‍പ്പിക്കണം.ഫാസ്റ്റ് ട്രാക്ക് കോടതിവിധിക്കെതിരെയുള്ള അപ്പീലുകള്‍ ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചാണ് പരിഗണിക്കുക. അപ്പീല്‍ സ്വീകരിച്ച് മൂന്ന് മാസത്തിനകം നടപടികള്‍ പൂർത്തിയാക്കണം.തട്ടിപ്പുകളില്‍ ഏർപ്പെടുന്ന സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കടുത്ത സാമ്പത്തിക-തടവുശിക്ഷകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

