സ്വന്തം ജീവനക്കാരെ കേന്ദ്ര സർക്കാർ ജീവനക്കാരായി അംഗീകരിക്കാൻ മടിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ തൊഴിലാളിവിരുദ്ധ സമീപനത്തിന് സുപ്രീംകോടതിയുടെ കനത്തവി മര്‍ശനം.
റെയില്‍വേയില്‍ ജോലി ചെയ്യുന്നവർ കേന്ദ്ര സർക്കാർ ജീവനക്കാർ തന്നെയെന്നും, റെയില്‍വേയ്ക്ക് പ്രത്യേക സേവന വ്യവസ്ഥകളുണ്ടെന്ന വാദമുയർത്തി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കെ എസ് ഇ. ബി ജീവനക്കാരിയായ ബെൻസി ജോണിന്റെ ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീശ് കുമാർ ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിന് തിരിച്ചടിയായ ഈ വിധി പുറപ്പെടുവിച്ചത്. റെയില്‍വേ സർവീസ് ഉള്ളവർക്ക് പുതിയ ജോലിയില്‍ വേതനം നിശ്ചയിക്കുമ്പോള്‍ വെയിറ്റേജ് നല്‍കണമെന്നും, സർവീസ് പ്രശ്നങ്ങളില്‍ ഇവർക്ക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനവും തൊഴില്‍ദാതാവുമായ റെയില്‍വേയെ, കേന്ദ്ര സർക്കാരിന്റെ ഭാഗമല്ലെന്ന് വരുത്തിതീർക്കാനുള്ള റെയില്‍വേ ബോർഡിന്റെയും കേന്ദ്രത്തിന്റെയും കടുംപിടുത്തമാണ് കോടതിയില്‍ പൊളിഞ്ഞത്. പത്ത് വർഷത്തോളം റെയില്‍വേയില്‍ സ്ഥിരം ജൂനിയർ ഡ്രാഫ്റ്റ്മാനായി സേവനമനുഷ്ഠിച്ച ശേഷം കെ എസ് ഇ ബിയില്‍ സബ് എൻജിനീയറായ ബെൻസി ജോണിന് നിയമപരമായി ലഭിക്കേണ്ട വെയിറ്റേജ് തടയാനാണ് അധികൃതർ ശ്രമിച്ചത്.
റെയില്‍വേ സർവീസ് കേന്ദ്ര സർവീസായി പരിഗണിക്കാൻ കഴിയില്ലെന്ന വിചിത്ര വാദമുയർത്തിയ റെയില്‍വേ ബോർഡ് ചീഫ് ഇന്റേണല്‍ ഓഡിറ്റർ, ജീവനക്കാരിക്ക് അതുവരെ നല്‍കിയ ആനുകൂല്യങ്ങള്‍ പോലും ക്രൂരമായി തിരികെപിടിക്കാൻ ഉത്തരവിടുകയായിരുന്നു. കേന്ദ്രത്തിന്റെ ഈ പകപോക്കല്‍ നടപടിയെയാണ് 2019-ലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി തള്ളിക്കൊണ്ട് സുപ്രീംകോടതി ഇപ്പോള്‍ സമാന്യനീതി നടപ്പാക്കിയിരിക്കുന്നത്.
റെയില്‍വേ ബോർഡിന്റെ ഭരണപരമായ അധികാരങ്ങള്‍ക്കൊന്നും തന്നെ അവിടുത്തെ ജീവനക്കാരുടെ 'കേന്ദ്ര സർക്കാർ ജീവനക്കാർ' എന്ന പദവി ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഓർമ്മിപ്പിച്ചു. വർഷങ്ങളോളം രാജ്യത്തിനായി സേവനം ചെയ്ത ഒരു ജീവനക്കാരിക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങള്‍ തടയുകയും, നല്‍കിയ പണം തിരികെപിടിക്കാൻ ഉത്തരവിടുകയും ചെയ്ത കേന്ദ്ര നടപടിയില്‍ കോടതി കടുത്ത ആശ്ചര്യം പ്രകടിപ്പിച്ചു.
കേന്ദ്രത്തിന്റെ കടുംപിടുത്തങ്ങളെ പൂർണ്ണമായി തള്ളിയ പരമോന്നത കോടതി, ഹർജിക്കാരിക്ക് ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും മൂന്ന് മാസത്തിനകം തന്നെ കണക്കാക്കി നല്‍കണമെന്നും കേന്ദ്രത്തിന് കർശന നിർദേശം നല്‍കി. ജീവനക്കാരുടെ അവകാശങ്ങള്‍ കവരാൻ നോക്കുന്ന കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മേലേറ്റ ശക്തമായ തിരിച്ചടിയാണ് ഈ വിധി.

