Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രൂപയുടെ മൂല്യത്തകര്‍ച്ച; വിദേശ പഠനച്ചെലവ് ഉയര്‍ന്നു

രൂപയുടെ മൂല്യത്തകര്‍ച്ച; വിദേശ പഠനച്ചെലവ് ഉയര്‍ന്നു

രൂപയുടെ മൂല്യത്തകർച്ചയും വിദേശരാജ്യങ്ങളിലെ ജീവിതച്ചെലവ് വര്‍ധിച്ചതും വിദേശത്ത് ഉപരിപഠനം ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു.വിനിമയ നിരക്കിലെ വ്യത്യാസം മൂലം വിദേശ പഠനത്തിനായി വിദ്യാർത്ഥികള്‍ ആശ്രയിക്കുന്ന വിദ്യാഭ്യാസ വായ്പകളുടെ തുകയില്‍ വൻ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിവിധ വിദേശ കറൻസികളുടെ അടിസ്ഥാനത്തില്‍ ശരാശരി വായ്പാ തുകയില്‍ 18 മുതല്‍ 59 % വരെ വര്‍ധനവ് ഉണ്ടായതായി ധനകാര്യ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. യുഎസ് ഡോളറിനെതിരെ കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യൻ കറൻസി 23 ശതമാനത്തോളം ദുർബലമായി. 2022 ല്‍ ഒരു ഡോളറിന് ഏകദേശം 78.6 രൂപയായിരുന്ന വിനിമയ നിരക്ക് 2മേയ് 21 ആയപ്പോഴേക്കും 96.81 രൂപയായി കുത്തനെ ഇടിഞ്ഞു.

രൂപയുടെ ഈ ഇടിവ് വിദ്യാർത്ഥികളുടെ ഫീസ് നിരക്കുകളെ എങ്ങനെ ബാധിക്കുന്നു എന്ന് പൃഥ്വി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ പവൻ കാവഡ് വ്യക്തമാക്കുന്നു. ഒരുവർഷം മുൻപ് ഡോളറിന് 83 രൂപയായിരുന്ന സമയത്ത് ഒരു യുഎസ് സർവകലാശാല പ്രതിവർഷം 40,000 ഡോളർ ഫീസ് ഈടാക്കിയിരുന്ന കോഴ്സിന് ഏകദേശം 33 ലക്ഷം രൂപയായിരുന്നു ചെലവ്. എന്നാല്‍ ഇപ്പോള്‍ സർവകലാശാലകള്‍ ഫീസ് വര്‍ധിപ്പിച്ചിട്ടില്ലെങ്കില്‍ പോലും അതേ കോഴ്സിന് 36 ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരുന്നു.
ഫീസ് നിരക്കുകള്‍ക്ക് പുറമെ വിദേശരാജ്യങ്ങളിലെ താമസച്ചെലവ് ഉയർന്നതും വലിയ തിരിച്ചടിയാണ്. യുണൈറ്റഡ് കിങ്ഡം, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ വാടക, പലചരക്ക് സാധനങ്ങള്‍, ഗതാഗതം എന്നിവയ്ക്കായി വിദ്യാർത്ഥികള്‍ക്ക് ഇപ്പോള്‍ പ്രതിമാസം 8,000 മുതല്‍ 18,000 രൂപ വരെ അധികമായി ചെലവഴിക്കേണ്ടി വരുന്നു. സാധാരണ യാത്രകള്‍ക്കും ഭക്ഷണത്തിനുമായി ചെലവഴിക്കുന്ന ചെറിയ തുകകള്‍ പോലും ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോള്‍ വലിയ ബാധ്യതയായി മാറുകയാണ്.

വിദേശ വിദ്യാഭ്യാസ വായ്പകളെക്കുറിച്ച്‌ പഠനം നടത്തുന്ന ഗ്യാൻധൻ പ്ലാറ്റ്‌ഫോമിന്റെ വിശകലനം അനുസരിച്ച്‌ കഴിഞ്ഞ നാല് വർഷത്തിനിടെ ശരാശരി വായ്പാ തുകയില്‍ 50 മുതല്‍ 100 % വരെ വര്‍ധന ഉണ്ടായി. യുഎസില്‍ 2022 ല്‍ 35 ലക്ഷം രൂപയായിരുന്ന ശരാശരി വായ്പാ തുക 2026 ല്‍ 66 ലക്ഷം രൂപയായി ഉയർന്നു. 89 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. യുകെയിലെ പഠനത്തിനായുള്ള വായ്പ 20 ലക്ഷം രൂപയില്‍ നിന്ന് 75 % വര്‍ധിച്ച്‌ 35 ലക്ഷം രൂപയായും കൂടി.
ചെലവുകള്‍ ഉയർന്നതോടെ പഠന കേന്ദ്രങ്ങളുടെ മുൻഗണനാ പട്ടികയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരുകാലത്ത് വിദ്യാർത്ഥികളുടെ ആദ്യ തെരഞ്ഞെടുപ്പായിരുന്ന യുഎസും കാനഡയും ആകെ വായ്പാ അപേക്ഷകളുടെ 17 % മാത്രമാണ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ യുകെയാണ് പ്രധാന ലക്ഷ്യസ്ഥാനം.

ജർമ്മനി, അയർലൻഡ് തുടങ്ങിയ ചെലവ് കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങളും വിദ്യാർത്ഥികളുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. കാനഡയുടെ ബിരുദാനന്തര വർക്ക് പെർമിറ്റ് നിബന്ധനകള്‍ കടുപ്പിച്ചതും യുഎസിലെ എച്ച്‌ 1ബി വിസയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും വിദ്യാർത്ഥികളെ മറ്റ് രാജ്യങ്ങളിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി ഗ്യാൻധൻ സിഇഒ അങ്കിത് മെഹ്റ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online