വിദ്യാര്‍ത്ഥികളെ വീണ്ടും വലച്ച് സിബിഎസ്‌ഇ. പുനര്‍ മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കാനുള്ള സൈറ്റ് തകരാറിലായത് പുനസ്ഥാപിച്ചില്ല.
പുനര്‍ മൂല്യ നിര്‍ണ്ണയത്തിനും മാര്‍ക്ക് തിട്ടപ്പെടുത്തലിനുമുളള ലിങ്ക് പ്രവര്‍ത്തന രഹിതമായി തുടരുകയാണ്.മെയ് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഈ പ്രക്രിയ, സാങ്കേതിക കാരണങ്ങളാല്‍ ജൂണ്‍ ഒന്നിലേക്ക് മാറ്റിവെക്കുകയാണെന്ന് ബോർഡ് അറിയിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച സമയമായിട്ടും പോർട്ടല്‍ തുറക്കാൻ സാധിക്കാത്ത സാഹചര്യം തുടരുന്നു. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലത്തിന് പിന്നാലെ തന്നെ പുനർ മൂല്യനിർണയത്തിലും വെബ്സൈറ്റ് പ്രവർത്തനത്തിലും പ്രശ്നങ്ങള്‍ നേരിട്ടു.
17 ലക്ഷം പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ നാലു ലക്ഷം വിദ്യാര്‍ഥികള്‍ പരാതിയുമായി രംഗത്ത് എത്തി. പോർട്ടലിലെ സാങ്കേതിക തകരാറുകള്‍ മൂലം അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും അമിത ഫീസ് ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നിവധി വിദ്യാർഥികള്‍ ആണ് രംഗത്ത് വന്നത്. പിന്നാലെ പ്രശ്നം പരിഹരിച്ചുവെന്നും സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇന്ന് മുതല്‍ നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സിബിഎസ്‌ഇയുടെ വാക്ക് വെറും വാക്കായി മാറി. വെബ്സൈറ്റ് ഇതുവരെയും പ്രവർത്തനക്ഷമമായില്ല. സിബിഎസ്‌ഇയില്‍ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും നേരത്തെ ആരോപണമുണ്ട്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ച പത്തൊൻപതുകാരനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ നിസർഗ എക്‌സിലൂടെ പുറത്ത് വിട്ടിരുന്നു. സിബിഎസ്‌ഇ സൂക്ഷിച്ചുവെച്ച ഉത്തരക്കടലാസുകള്‍ ആർക്കും കാണാൻ കഴിയുന്ന വിധത്തിലാണെന്നതായിരുന്നു വെളിപ്പെടുത്തല്‍. ആമസോണ്‍ കമ്പനിയുടെ ക്ലൗഡ് സ്‌റ്റോറേജ് സേവനമായ എഡബ്ല്യുഎസ് ബക്കറ്റ് വഴിയാണ് സിബിഎസ്‌ഇ ഉത്തരക്കടലാസുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് പാസ്‌വേഡ് നല്‍കിയിട്ടില്ല.

