കേരളത്തിന്റെ ഖജനാവില്‍ നയാപൈസയില്ലെന്ന വലതുപക്ഷത്തിന്റെയും, വലതുപക്ഷ മാധ്യമങ്ങളുടെയും വ്യാജ പ്രചാരണത്തിനെതിരെ മുന്‍ ധനകാര്യമന്ത്രി ഡോ ടി എം തോമസ് ഐസക്.
നയാ പൈസ ഇല്ലെങ്കില്‍ 1070 കോടി രൂപ എങ്ങനെ അനുവദിച്ചു എന്നും ഈ മാസം മുതല്‍ ആശമാർക്ക് 3000 രൂപയും അങ്കണവാടിക്കാർക്ക് 1000 രൂപ വീതവും എങ്ങനെ അനുവദിച്ചു എന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് അധികാരത്തിലേറുന്ന ദിവസം ട്രഷറി ബാലൻസ് എത്രയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കുമോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു.
6000 കോടി രൂപ ബാലൻസ് ഉണ്ടായിരുന്നുവെന്ന് മുൻ ധനമന്ത്രി കെ എന്‍ ബാലോഗാപാല്‍ പറയുമ്പോള്‍ ഒരു നയാ പൈസയില്ലായെന്ന് എങ്ങനെ പറയാനാകും? സാമ്പത്തിക പ്രതിസന്ധി ഇന്നലെയും ഇന്നും ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം അത് എങ്ങനെ മാനേജ് ചെയ്യുന്നൂവെന്നതാണ് വെല്ലുവിളി എന്നും അല്ലാതെ നയാ പൈസയില്ലായെന്നു നിലവിളിച്ചു നടക്കുകയല്ല വേണ്ടതെന്നും യുഡിഎഫ് സർക്കാരിനെ ഓർമിപ്പിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സർക്കാരിനെ ആക്ഷേപിക്കാൻ ഉയർത്തിയ ആരോപണങ്ങളിലും അദ്ദേഹം വിശദീകരണം തേടുന്നുണ്ട്.

