Dailyhunt
സമുദ്ര മത്സ്യ ലഭ്യതയില്‍ വര്‍ധനവ്; 2025ല്‍ രാജ്യത്തെ ആകെ ഉല്പാദനം 35.7 ലക്ഷം ടണ്‍

സമുദ്ര മത്സ്യ ലഭ്യതയില്‍ വര്‍ധനവ്; 2025ല്‍ രാജ്യത്തെ ആകെ ഉല്പാദനം 35.7 ലക്ഷം ടണ്‍

Janayugom Online 1 week ago

രാജ്യത്തെ സമുദ്ര മത്സ്യലഭ്യതയില്‍ കഴിഞ്ഞ വർഷം വർധനവുണ്ടായി. ഇന്ത്യൻ തീരങ്ങളില്‍ നിന്നും പിടിച്ചത് 35.7 ലക്ഷം ടണ്‍ സമുദ്ര മത്സ്യമാണ്.

മുൻ വർഷത്തേക്കാള്‍ മൂന്ന് ശതമാനത്തിന്റെ വർധനവാണ് നേടിയത്. രാജ്യത്ത് ഏറ്റവും അധികം മത്സ്യം പിടിച്ചത് തമിഴ്‌നാടാണ് (6.85 ലക്ഷം ടണ്‍). 2024 ല്‍ ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്ത് കഴിഞ്ഞ വർഷം 7.54 ലക്ഷം ടണ്ണില്‍ നിന്നും മത്സ്യ ലഭ്യത 6.43 ലക്ഷം ടണ്ണായി കുറഞ്ഞതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേരളം 6.10 ലക്ഷം ടണ്ണില്‍ നിന്നും കഴിഞ്ഞ വർഷം 6.24 ലക്ഷം ടണ്ണായി ലഭ്യത ഉയരുകയും മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു. മത്സ്യോല്പാദനത്തില്‍ കർണാടക 44 ശതമാനവും മഹാരാഷ്ട്രയില്‍ 18 ശതമാനവും വർധനവ് രേഖപ്പെടുത്തി.

രാജ്യത്താകെ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം അയലയാണ്. 2.70 ലക്ഷം ടണ്‍ അയലയുടെ ലഭ്യതയാണുണ്ടായത്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആർഐ) വാർഷിക സമുദ്ര മത്സ്യ ലഭ്യത കണക്കാക്കിയുള്ള റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തല്‍. പ്രതികൂല കാലാവസ്ഥയും മത്സ്യബന്ധന നിരോധന കാലയളവുകളും നിലനിന്ന സാഹചര്യത്തിലുമാണ് രാജ്യം മത്സ്യ ലഭ്യതയില്‍ വർധനവ് നേടിയതെന്ന് സിഎംഎഫ്‌ആർഐ ഡയറക്ടർ ഡോ. ഗ്രിൻസണ്‍ ജോർജ്ജ് പറഞ്ഞു.

സമുദ്ര മത്സ്യ മേഖലയില്‍ നിന്നുള്ള വരുമാനത്തിലും വർധനവുണ്ടായി. ഇന്ത്യയിലാകെ ലാൻഡിങ് സെന്ററുകളില്‍ 69,254 കോടി രൂപയും (10. 45 % വർധനവ്)ചില്ലറ വിപണിയില്‍ 97,702 കോടി രൂപയും (8.43 % വർധനവ്) വിറ്റുവരവുണ്ടായി. കേരളത്തിലെ ലാൻഡിങ് സെന്ററുകളിലെ മൂല്യം 12,665 കോടി രൂപയും(17.8 %), ചില്ലറ വിപണിയില്‍ 16,681 കോടി രൂപയുമാണ്. വിപണന കാര്യക്ഷമതയില്‍ കേരളം രാജ്യത്ത് ഒന്നാമതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിഎംഎഫ്‌ആർഐയിലെ ഫിഷറി റിസോഴ്സസ് അസ്സസ്മെന്റ്, ഇക്കണോമിക്സ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗം തയ്യാറാക്കിയ വാർഷിക സമുദ്ര മത്സ്യ ലഭ്യത കണക്കാക്കിയുള്ള റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങില്‍ ഡയറക്ടർ ഡോ ഗ്രിൻസണ്‍ ജോർജ്ജ്, വിവിധ ഗവേഷണ വിഭാഗം മേധാവികളായ ഡോ ജെ ജയശങ്കർ, ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ ജോസ്ലിൻ ജോസ്, ഡോ കെ എസ് ശോഭന, ഡോ വി വി ആർ സുരേഷ്, ഡോ കൃപേഷ് ശർമ്മ എന്നിവർ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online