ഹൃദയാഘാതം മൂലം ദമ്മാമില്‍ വെച്ച് നിര്യാതനായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല കമ്മിറ്റി പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സനു മഠത്തിലിന്റെ മകൻ മൃദുലിന് നവയുഗത്തിന്റെ വിദ്യാഭ്യാസസഹായം കൈമാറി.
സനുവിന്റെ മകന് തുടർവിദ്യാഭ്യാസത്തിനുള്ള സഹായമായി നവയുഗം പ്രവർത്തകർ ശേഖരിച്ച ഫണ്ട്, തിരുവനന്തപുരം കടയ്ക്കല്‍ അയിരക്കുഴിയിലുള്ള സനുവിന്റെ വീട്ടിലെത്തി നവയുഗം ദല്ലാ മേഖല സെക്രട്ടറി നിസ്സാം കൊല്ലം കൈമാറി.
സിപിഐ കണ്ണംകോട് ബ്രാഞ്ച് സെക്രെട്ടറി വീണ ടി, ലോക്കല്‍ കമ്മിറ്റിഅംഗം സന്തോഷ് ആയിരക്കുഴി, നവയുഗം കോദരിയ യൂണിറ്റ് ട്രെഷറർ റഷീദ് പുനലൂർ, നവയുഗം നേതാക്കളായ താഹ, രവി, സജില നിസ്സാം, സീനത്ത് റഷീദ് എന്നിവർ പങ്കെടുത്തു. സനുവിന്റെ അമ്മ രാധാമണി അമ്മയും, ഭാര്യ മിനിയും സന്നിഹിതരായിരുന്നു.
നവയുഗത്തിന്റെ ആദ്യകാലം മുതല്‍ നേതൃത്വനിരയില്‍ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്ക്കാരിക,ജീവകാരുണ്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ദല്ല മേഖലയില്‍ നട്ടെല്ല് സനുവിന്റെ പ്രവർത്തനങ്ങളായിരുന്നു. തൊഴില്‍ പ്രശ്നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. സ്വന്തം വരുമാനത്തില്‍ നിന്നും പണം ചിലവാക്കി മറ്റുള്ളവരെ സഹായിക്കാൻ ഒരിയ്ക്കലും മടിയ്ക്കാത്ത സനു മഠത്തില്‍, നിറഞ്ഞ പുഞ്ചിരിയും, ഊഷ്മളമായ പെരുമാറ്റവും കൊണ്ട് വലിയൊരു സുഹൃത്ത് വലയവും സമ്പാദിച്ചിരുന്നു.

