സൗദി അറേബ്യയിലെ അല്‍ ഖസീം പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ട് പ്രവാസികള്‍ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി, നെല്ലിക്കാട് സ്വദേശി ശബ്നം മൻസിലില്‍ ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാളിലെ ബുധിയ സ്വദേശി അബ്ദുല്‍ മതീൻ (32) എന്നിവരാണ് മരിച്ചവർ.
ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം സലാം എന്ന സ്ഥലത്ത് ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് രാവിലെ 11.40 ഓടെയായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിെൻറ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ചോ മരിച്ചവരെക്കുറിച്ചോ ഉള്ള കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ തുടർനടപടികള്‍ക്കായി അടുത്തുള്ള ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് പ്രാഥമിക വിവരം. മുഹമ്മദ് ഷരീഫ് അതിരുപ്പ, ഫാത്തിമ ദമ്പതികളുടെ മകനാണ് മരിച്ച ഷനൂബ്.

