Dailyhunt
ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതി ഒമ്പതംഗ ബെഞ്ച് നാളെ പരിഗണിക്കും

ശബരിമല യുവതീ പ്രവേശനം; സുപ്രീം കോടതി ഒമ്പതംഗ ബെഞ്ച് നാളെ പരിഗണിക്കും

Janayugom Online 3 weeks ago

ബരിമല യുവതീ പ്രവേശനം സംബന്ധിച്ച നിര്‍ണായക ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഇതിനായി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ആര്‍ മഹാദേവന്‍, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ്, അഹ്സനുദ്ദീന്‍ അമാനുള്ള, ബി വി നാഗരത്ന, എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍, പ്രസന്ന ബി വരാലെ, ജോയ‌്മല്യ ബാഗ്ചി എന്നിവരാകും ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച 2018ലെ സുപ്രീം കോടതി വിധിയില്‍ നിന്ന് ഉയര്‍ന്ന വിശാലമായ ഭരണഘടനാ ചോദ്യങ്ങളും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും സമത്വം, അന്തസ് തുടങ്ങിയ മൗലികാവകാശങ്ങളും തമ്മിലുള്ള പരസ്പര ബന്ധം, മതകാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ വ്യാപ്തി എന്നിവയാകും പ്രധാനമായി ബെഞ്ച് പരിഗണിക്കുക. 2018 സെപ്റ്റംബറില്‍ ലിംഗ വിവേചനം അനുവദിക്കാന്‍ കഴിയില്ല എന്ന് വിധിച്ച കോടതി, ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് 4-1 ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, എ എം ഖാൻവില്‍ക്കർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് വിധി പ്രസ്താവിച്ചത്.

അതേസമയം ബെഞ്ചിലെ ഏക വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗത്തില്‍ ഉള്‍പ്പെടില്ലെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ച 1965ലെ കേരള ഹിന്ദു പൊതു ആരാധനാലയങ്ങള്‍ (പ്രവേശനത്തിന് അനുമതി) ചട്ടങ്ങളിലെ റൂള്‍ 3 (ബി) ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കി. ഈ തീരുമാനത്തിനെതിരെ പിന്നീട് നിരവധി പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ഫയല്‍ ചെയ്യപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online