കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പെയ്യുന്ന വേനല്‍മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക കൃഷിനാശം. നിരവധി കർഷകരുടെ കൃഷിയിടങ്ങളില്‍ കണ്ണീർ വീഴ്ത്തി.
ഓണം വിളവിനായി പ്രതീക്ഷയോടെ ചെയ്ത വാഴകൃഷി പലയിടത്തും പൂർണമായും നശിച്ചു. കലഞ്ഞൂർ ഇടയിലെ തുണ്ടില്‍ ജി വിശ്വനാഥന്റെ കൃഷിയിടത്തിലാണ് വലിയ നാശം ഉണ്ടായിട്ടുള്ളത്. ഇദ്ദേഹം കൃഷിചെയ്ത 170 മൂട് വാഴകള്‍ പൂർണമായും നിലംപൊത്തി. കുലച്ച ഏത്തവാഴകളാണ് ഇത്തരത്തില്‍ കാറ്റില്‍ ഒടിഞ്ഞ് വീണത്. 200 മൂട് മരച്ചീനിയും കാറ്റില്‍ പിഴുതുവീണു. പാട്ടത്തിനെടുത്ത സ്ഥലത്താണ് ഇദ്ദേഹം കൃഷി ചെയ്തിട്ടുള്ളത്. വാഴക്കൃഷിക്ക് ഇൻഷുറൻസും ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം കൃഷിനാശം സംഭവിച്ചതിന്റെ ഇൻഷുറൻസ് തുകയുടെ ഒരു ഗഡുമാത്രമാണ് ജി. വിശ്വനാഥന് ലഭിച്ചത്. ഇത് കാരണമാണ് ഈ വർഷം ഇൻഷുറൻസ് ചെയ്യാതിരുന്നതും.
പ്രമാടത്ത് വേനല്‍ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വ്യാപക കൃഷിനാശം ഇടിമിന്നലില്‍ നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. ഏക്കറു കണക്കിന് സ്ഥലത്തെ വാഴ കൃഷി നിലം പൊത്തി. റബർ ഉള്‍പ്പടെയുള്ള മരങ്ങളും ഒടിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും ഫാൻ, ലൈറ്റുകള്‍ എന്നിവയാണ് കൂടുതലായും കത്തി നശിച്ചത്. റോഡിലേക്ക് മരച്ചില്ലകള്‍ ഒടുഞ്ഞുവീണ് കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടിരുന്നു. വൈദ്യുതി മുടക്കവും പതിവാണ്. ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും കൃഷി വകുപ്പും നാശനഷ്ടങ്ങളുടെ കണക്കെടുത്ത് തുടങ്ങിയിട്ടുണ്ട്. കുലച്ചുനിന്ന നിരവധി വാഴകളാണ് മഴ പെയ്‌തോടെ ഒടിഞ്ഞുവീണത്. ഓണ വിപണി ലക്ഷ്യമിട്ട് നട്ടുവളർത്തിയ ഏത്തവാഴകളാണ് ഇതില്‍ ഭൂരി ഭാഗവും. നാല് മുതല്‍ ആറ് പടലകള്‍ വരെയുള്ള കുലകളാണ് നിലം പൊത്തിയത്.

