Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി അച്യുതമേനോനെതിരെയുള്ള അസത്യപ്രചരണം; അഭിഭാഷകയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐ

സി അച്യുതമേനോനെതിരെയുള്ള അസത്യപ്രചരണം; അഭിഭാഷകയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐ

Janayugom Online 5 days ago

മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുതമേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ തികച്ചും വാസ്തവവിരുദ്ധമാണെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.

1969 മുതല്‍ 1977 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ ജയ്‌ഹിന്ദ് ടിവിയുടേതെന്ന പേരിലാണ് ഒരു വീഡിയോ റീല്‍ പ്രചരിക്കുന്നത്.

തിരുവന്തപുരത്തെ അഭിഭാഷക ജിജാ ജെയിംസ് മാത്യു കണ്ടത്തില്‍ ജയ്‌ഹിന്ദ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ വ്യാജപ്രചരണം അഴിച്ചുവിട്ടിരിക്കുന്നത്. തമിഴ്നാട് സിപിഐ ഓഫീസ് നിർമ്മാണത്തിനായി അച്യുതമേനോൻ കൈക്കൂലി വാങ്ങിയാണ് മുല്ലപ്പെരിയാർ കരാർ പുതുക്കി നല്‍കിയതെന്നായിരുന്നു അഭിഭാഷകയുടെ വാദം. എന്നാല്‍ ചരിത്രപരമായ വസ്തുതകളും കാലഗണനയും പരിശോധിക്കുമ്പോള്‍ ഈ ആരോപണങ്ങള്‍ കേവലം കെട്ടിച്ചമച്ചതാണെന്ന് തെളിയുന്നു.

1886-ല്‍ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരികളും ബ്രിട്ടീഷ് കോളനി സർക്കാരും തമ്മിലാണ് 999 വർഷത്തേക്ക് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ടത്. തുടർന്ന് 1970-ല്‍ അച്യുതമേനോൻ സർക്കാർ ഈ കരാർ കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഭേദഗതി ചെയ്യുക മാത്രമാണ് ഉണ്ടായത്.

സി അച്യുതമേനോൻ 1977 മാർച്ച്‌ 25-നാണ് മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞത്. തുടർന്ന് 1991 ഓഗസ്റ്റ് 16-ന് അദ്ദേഹം അന്തരിച്ചു. എന്നാല്‍ തമിഴ്‌നാട്ടിലെ സിപിഐ സംസ്ഥാന പാർട്ടി ആസ്ഥാനമായ 'ബാലൻ ഇല്ലം' എന്ന ഏഴുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത് അദ്ദേഹം അന്തരിച്ച്‌ ഒൻപത് വർഷങ്ങള്‍ക്ക് ശേഷമാണ്.

1974-ലാണ് തമിഴ്നാട് കമ്മ്യൂണിസ്റ്റ് പാർട്ടി പഴയ മദ്രാസ് നഗരത്തിലെ ടി നഗറിലുള്ള 9 ഗ്രൗണ്ട് സ്ഥലം 2,60,000 രൂപയ്ക്ക് വാങ്ങുന്നത്. പ്രശസ്ത ബംഗാളി നൃത്താചാര്യനായിരുന്ന ഉദയ് ശങ്കറിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ കുടുംബം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉദാരമായ വിലയ്ക്കാണ് ഈ സ്ഥലം കൈമാറിയത്. ഉദയ് ശങ്കറിനും കുടുംബത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുണ്ടായിരുന്ന സൗഹൃദത്തിന്റെയും അനുഭാവത്തിന്റെയും പ്രതീകമായിട്ടാണ് ഈ ഭൂമിയിടപാട് അന്ന് നടന്നത്.
ഈ സ്ഥലത്താണ് പിന്നീട് ബാലൻ ഇല്ലത്തിന്റെ പുതിയ ഏഴുനില കെട്ടിടം ഉയർന്നുവന്നതും 2014 ജൂലൈ 7-ന് ഉദ്ഘാടനം ചെയ്തതും.

1970-ല്‍ മുല്ലപ്പെരിയാർ പാട്ടക്കരാർ ഭേദഗതി ഒപ്പിട്ടതിനും കെട്ടിട നിർമ്മാണം ആരംഭിച്ചതും തമ്മില്‍ നീണ്ട 40 വർഷത്തെ അന്തരമുണ്ട്.ആരോപണം ഉന്നയിച്ച അഭിഭാഷകയുടെ വാദങ്ങളിലെ തികഞ്ഞ യുക്തിഹീനതയും പൊരുത്തക്കേടുകളുമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും മുതിർന്ന നേതാവിന്റെ പ്രതിച്ഛായ തകർക്കാനും ലക്ഷ്യമിട്ടുള്ള അസത്യപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് സിപിഐ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online