Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിബിഎസ്‌ഇ; അടിയന്തര നടപടികളുമായി കേന്ദ്രം

സിബിഎസ്‌ഇ; അടിയന്തര നടപടികളുമായി കേന്ദ്രം

സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ സാങ്കേതിക തകരാര്‍ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടലുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.

പുനർമൂല്യനിർണ്ണയ ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയ ആരംഭിച്ചതുമുതല്‍ രാജ്യവ്യാപകമായി വലിയ തോതിലുള്ള സാങ്കേതിക തടസങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനെക്കുറിച്ച്‌ അന്വേഷിക്കാൻ ഐഐടി മദ്രാസ്, ഐഐടി കാണ്‍പൂർ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫസർമാരുടെയും ഐടി വിദഗ്ദ്ധരുടെയും പ്രത്യേക സംഘങ്ങളെ ഉടനടി നിയോഗിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഉത്തരവിട്ടു. പോർട്ടലിലെ എല്ലാ പ്രശ്നങ്ങളും വിശദമായി പരിശോധിച്ച്‌ ഭാവിയില്‍ ഇത്തരം തകരാറുകള്‍ ഉണ്ടാകാത്ത രീതിയിലുള്ള കുറ്റമറ്റ സംവിധാനം ഉറപ്പാക്കാൻ ഈ സംയുക്ത സംഘം സിബിഎസ്‌ഇയെ സഹായിക്കും.

സാങ്കേതിക സംവിധാനങ്ങളിലും സെർവറിന്റെ പ്രവർത്തന രീതികളിലും ആവശ്യമായ വലിയ തിരുത്തലുകള്‍ ഈ ഐഐടി വിദഗ്ദ്ധ സംഘം നടപ്പിലാക്കും. ഒരേസമയം ലക്ഷക്കണക്കിന് ആളുകള്‍ ലോഗിൻ ചെയ്യുമ്പോള്‍ വെബ്സൈറ്റ് തകരാറിലാകുന്നത് തടയാൻ പോർട്ടലിന്റെ സ്ഥിരതയും സെർവറിന്റെ ശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കാണ് മുൻഗണന നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ ലോഗിൻ വിവരങ്ങള്‍ സുരക്ഷിതമാക്കാനും ഒടിപി വെരിഫിക്കേഷൻ അടക്കമുള്ള യൂസർ ആക്സസ് സംവിധാനങ്ങള്‍ കൃത്യമാക്കാനും സംഘം സാങ്കേതിക സഹായം നല്‍കും.

സിബിഎസ്‌ഇ പേയ്‌മെന്റ് ഗേറ്റ്‌വേ പരിഷ്കരിക്കുന്നതിനും നടപടികളായി. ഇതിനായി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി. ഫീസ് അടയ്ക്കാൻ ശ്രമിക്കുമ്പോള്‍ പണം നഷ്ടപ്പെടുക, ഒരേ അപേക്ഷയ്ക്ക് തന്നെ ഒന്നിലധികം തവണ തുക അക്കൗണ്ടില്‍ നിന്ന് കുറയുക, പോർട്ടല്‍ ലോഗിൻ ചെയ്യാൻ കഴിയാതെ വരിക തുടങ്ങിയ വലിയ ബുദ്ധിമുട്ടുകള്‍ വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിട്ടിരുന്നു. ഒരു വിഷയത്തിന്റെ ഉത്തരക്കടലാസ് എടുക്കാനുള്ള ഫീസ് 100 രൂപയാണെന്നിരിക്കെ 69,420 രൂപ വരെ ഫീസ് ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ടായിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവ സിബിഎസ്‌ഇയെ സഹായിക്കാൻ മുന്നോട്ട് വരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഫീസ് കൃത്യസമയത്ത് അടയ്ക്കാനും, പണം കൈമാറുന്നതിനിടയിലെ തടസങ്ങള്‍ ഒഴിവാക്കാനും, അധികമായി ഈടാക്കിയ തുക അക്കൗണ്ടുകളിലേക്ക് തനിയെ തിരികെ എത്തുന്നതിനുള്ള സംവിധാനം ഒരുക്കാനും ഈ ബാങ്കുകള്‍ സിബിഎസ്‌ഇയെ സഹായിക്കും.
വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ട് സംബന്ധിച്ച്‌ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സിബിഎസ്‌ഇയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്ന ഐടി ഏജൻസികളെ സംബന്ധിച്ചും വിവരങ്ങള്‍ തേടി. നിലവിലെ പ്രശ്‌നങ്ങളില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

അതേസമയം ഫീസടച്ചിട്ടും ഉത്തരക്കടലാസിന്റെ പകര്‍പ്പ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടില്ല. 20 ന് ഫീസ് അടച്ചവര്‍ക്ക് ഇതുവരെ പകര്‍പ്പ് ലഭിച്ചിട്ടില്ല. ഡൗണ്‍ലോഡ് ചെയ്ത പിഡിഎഫിലും പിഴവുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതോടൊപ്പം ശരിയായ ഉത്തരം എഴുതിയിട്ടും മൂല്യനിര്‍ണയത്തില്‍ പൂജ്യം മാര്‍ക്ക് രേഖപ്പെടുത്തിയ ഉത്തരക്കടലാസിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചു. ശരിയായ ഉത്തരം എഴുതിയ പല വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കേണ്ട മാര്‍ക്ക് ലഭിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online