Dailyhunt
സിഎസ്‌കെ ക്യാമ്പില്‍ ആശങ്ക; ധോണിക്ക് പരിക്ക് മാറുന്നില്ല, അടുത്ത മത്സരങ്ങളിലും കളിച്ചേക്കില്ല

സിഎസ്‌കെ ക്യാമ്പില്‍ ആശങ്ക; ധോണിക്ക് പരിക്ക് മാറുന്നില്ല, അടുത്ത മത്സരങ്ങളിലും കളിച്ചേക്കില്ല

Janayugom Online 3 weeks ago

പിഎല്ലില്‍ തുടർച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ചെന്നൈ സൂപ്പർ കിങ്‌സിന് വീണ്ടും തിരിച്ചടി. ടീമിന്റെ ഇതിഹാസ താരം എം എസ് ധോണിക്ക് മാച്ച്‌ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാത്തത് സിഎസ്‌കെ വൃത്തങ്ങളെ ആശങ്കയിലാഴ്ത്തുന്നു.

കാലിലെ പേശികള്‍ക്കേറ്റ പരിക്കിനെ തുടർന്ന് നിരീക്ഷണത്തിലുള്ള ധോണിക്ക് വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളും നഷ്ടമായേക്കുമെന്നാണ് സൂചന.

ഏപ്രില്‍ 11ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും ഏപ്രില്‍ 14ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും ചെപ്പോക്കില്‍ നടക്കുന്ന ഹോം മത്സരങ്ങളില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിക്കില്‍ നിന്ന് പൂർണ്ണമുക്തനാകാൻ കുറഞ്ഞത് ഒരാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈയ്ക്ക് ധോണിയുടെ സാന്നിധ്യം അനിവാര്യമാണെങ്കിലും താരത്തിന്റെ ആരോഗ്യത്തിനാണ് മാനേജ്‌മെന്റ് മുൻഗണന നല്‍കുന്നത്.

44-കാരനായ ധോണി എവേ മത്സരങ്ങള്‍ക്കായി ടീമിനൊപ്പം യാത്ര ചെയ്യുന്നില്ലെന്ന തീരുമാനത്തിലാണ്. മാർച്ച്‌ 30ന് ഗുവാഹത്തിയിലും ഏപ്രില്‍ 5ന് ബെംഗളൂരുവിലും നടന്ന മത്സരങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. നിലവില്‍ ചെന്നൈയില്‍ കുടുംബത്തോടൊപ്പം കഴിയുന്ന താരം പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ്. രണ്ട് ദിവസം മുൻപ് അദ്ദേഹം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചിരുന്നു.

"എം.എസ് നിലവില്‍ നിരീക്ഷണത്തിലാണ്, പൂർണ്ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്താൻ ഇനിയും സമയമെടുക്കും. കൃത്യമായി എന്ന് മടങ്ങിവരുമെന്ന് ഇപ്പോള്‍ പറയാനാവില്ല," സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. അതേസമയം, പേശിവലിവ് മൂലം വിട്ടുനിന്ന ഡെവാള്‍ഡ് ബ്രെവിസിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും അടുത്ത മത്സരത്തില്‍ അദ്ദേഹം കളിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റ ചെന്നൈയ്ക്ക് ഐപിഎല്‍ ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ വലിയ തകർച്ചയാണിത്. 2022-ലായിരുന്നു ഇതിലും മോശം തുടക്കം (ആദ്യ 4 തോല്‍വികള്‍) ടീമിനുണ്ടായത്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന ചെന്നൈയ്ക്ക് ഇത്തവണയും ഇതുവരെ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിട്ടില്ല. മുൻ നായകന്റെ തിരിച്ചുവരവ് ടീമിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online