നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് യുവാക്കള്‍ ജൂലൈ 20ന് നടത്തിയ സന്‍സദ് ചലോ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ പൊലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയെന്ന് ആംനംസ്റ്റി ഇന്റര്‍നാഷണല്‍ അന്വേഷണ റിപ്പോര്‍ട്ട്.
സിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് പൊലീസ് നിഷ്ഠൂരം അടിച്ചമര്‍ത്തിയെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ അനാവശ്യ, അമിത ബലപ്രയോഗം നടത്തി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതായും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രസിഡന്റ് ആകാര്‍ പട്ടേല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായി പ്രതിഷേധിച്ച യുവജനങ്ങള്‍ക്കെതിരെ ഡല്‍ഹി പൊലീസ് നിയമവിരുദ്ധവും മാരകവുമായ ബലപ്രയോഗം നടത്തി പ്രതിഷേധത്തെ ചോരയില്‍ മുക്കി. ജന്തര്‍ മന്തറിലും ബിഹാറിലെ സിവാനിലും പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍, കണ്ണീര്‍ വാതകം, ഗ്രനേഡുകള്‍, ബാറ്റണ്‍, ഇലക്‌ട്രിക് ഷോക്ക് ഉപകരങ്ങള്‍ തുടങ്ങിയ ആയുധങ്ങള്‍ പൊലീസ് പ്രയോഗിച്ചു.
അന്താരാഷ്ട്ര നിയമങ്ങളും പൊലീസിങ് മാര്‍ഗനിര്‍ദേശങ്ങളും ലംഘിക്കുന്ന രീതിയിലാണ് ആയുധങ്ങള്‍ ഉപയോഗിച്ചത്. പ്രതിഷേധിക്കാനുള്ള അവകാശം സുഗമമാക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ആദ്യം ആശയവിനിമയ വിച്ഛേദിക്കല്‍, ബാരിക്കേഡുകള്‍, ഗതാഗത തടസങ്ങള്‍ എന്നിവയിലൂടെ പ്രതിഷേധത്തെ അടിച്ചമർത്തി. പിന്നീട് കുട്ടികള്‍ അടക്കമുള്ള സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ അനാവശ്യമായും അമിതമായും ബലപ്രയോഗം നടത്തി. ജനക്കൂട്ട നിയന്ത്രണത്തിന്റെ പേരിലാണ് ഡല്‍ഹി പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും താണ്ഡവമാടിയത്.
ജൂലൈ 20ന് മധ്യ ഡല്‍ഹിയില്‍ ജന്തർ മന്തർ, സൻസദ് മാർഗ്, കൊണാട്ട്പ്ലേസ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച 17 വീഡിയോകളും ജൂലൈ 24ന് ബിഹാറിലെ സിവാനില്‍ ചിത്രീകരിച്ച രണ്ട് വീഡിയോകളും എവിഡൻസ് ലാബ് പരിശോധിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള വീഡിയോകളില്‍ ഡല്‍ഹി പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ആര്‍എഎഫ് ), സെൻട്രല്‍ റിസർവ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) എന്നിവയിലെ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞു. ജനക്കൂട്ടത്തിനിടയിലേക്ക് ഒരു ആര്‍എഎഫ് ഉദ്യോഗസ്ഥൻ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതും തിരിച്ചറിഞ്ഞു. പെല്ലറ്റുകള്‍ മൂലമുണ്ടായ മുറിവുകളുമായി നിലവിളിക്കുന്ന പ്രതിഷേധക്കാരുടെ ചിത്രവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സംഘടന പരിശോധിച്ച മറ്റ് രണ്ട് വീഡിയോകളില്‍ പ്രതിഷേധക്കാർക്ക് മാരകമായി പരിക്കേറ്റതായി കാണിക്കുന്നുണ്ട്. ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ ആദ്യം കണ്ണീര്‍വാതകം പ്രയോഗിച്ചശേഷമാണ് പെല്ലറ്റ് വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെല്ലറ്റ് തോക്ക് പ്രയോഗിച്ചിട്ടില്ല എന്നായിരുന്നു ഡല്‍ഹി പൊലീസ് ആദ്യം വാദിച്ചിരുന്നത്. എന്നാല്‍ സിആര്‍പിഎഫ് ആഭ്യന്തര പരിശോധനയില്‍ ആര്‍എഎഫ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. പെല്ലറ്റ് തോക്കില്‍ നിന്ന് വെടിയേറ്റ് മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നതിനിടെയാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

