Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിജെപി  പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി  സുപ്രീംകോടതി

സിജെപി പ്രതിഷേധത്തില്‍ 14 വയസ്സുകാരിക്ക് നോട്ടീസ്; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത 14 വയസുകാരിക്ക് നോട്ടീസ് അയച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി.

വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് സംരക്ഷണം നല്‍കികൊണ്ടുള്ള സുപ്രീംകോടതി വിധി നിലനില്‍ക്കവെയാണ് നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് വിദ്യാര്‍ത്ഥിക്ക് നോട്ടീസ് നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നിസ്സാരമായി കാണാനാവില്ലെന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിന്റെ പേരില്‍ ഇരയെയോ അവരുടെ കുടുംബത്തെയോ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. നേരത്തെ തന്നെ സിജെപി പ്രതിഷേധത്തിലെ കേസുകള്‍ റദ്ദാക്കുകയും, രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ ഇനി യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കെ, മജിസ്ട്രേറ്റ് എങ്ങനെയാണ് നോട്ടീസ് നല്‍കാന്‍ ധൈര്യപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു.

കുട്ടികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചതായി സെപ്റ്റംബര്‍ 1ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ലോകം മുഴുവന്‍ അത് അറിഞ്ഞിരുന്നു. പിന്നെ എങ്ങനെയാണ് മജിസ്ട്രേറ്റിന് ആ ഉത്തരവിനെ തള്ളിക്കളയാനാവുകയെന്ന് അദ്ദേഹം ചോദിച്ചു. ആദ്യം കോടതിയലക്ഷ്യം നടന്നു, പിന്നീട് പിന്‍വലിച്ചു. കോടതിയലക്ഷ്യം അങ്ങനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഇത് ഈ രാജ്യത്തെ പരമോന്നത കോടതിയുടെ മഹത്വത്തോടുള്ള അവഹേളനമാണ്. എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഈ വസ്തുതകള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റിനോട് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ ആസൂത്രിതമായ ധര്‍ണയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാലയിലെ സഹപാഠികളെ പ്രേരിപ്പിച്ചു എന്നതാണ് വിദ്യാര്‍ത്ഥിക്കെതിരെ ചുമത്തിയ കുറ്റം. സുപ്രീം കോടതിയുടെ സെപ്റ്റംബര്‍ 1ലെ വിധിയ്ക്ക് വിരുദ്ധമാണ് ഈ നോട്ടീസ് എന്നു കാണിച്ച്‌ വിദ്യാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പ്രസ്താവന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online