സിപിഐയെയും അന്തരിച്ച മുൻ മുഖ്യമന്ത്രി സി അച്യുതമേനോനെയും അപകീർത്തിപ്പെടുത്തുന്ന തരത്തില്‍ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും അവ ടെലിവിഷൻ പരിപാടിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്ത വഞ്ചിയൂരിലെ അഭിഭാഷകയ്ക്കും ജയ്ഹിന്ദ് ടിവിയുടെ ഉടമസ്ഥ സ്ഥാപനമായ ജയ്ഹിന്ദ് കമ്മ്യൂണിക്കേഷൻസിനും വക്കീല്‍ നോട്ടീസ്.
സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസിന് വേണ്ടി അഡ്വ. എം സലാഹുദീനാണ് നോട്ടീസ് അയച്ചത്. വെള്ളിയാഴ്ച ജയ്ഹിന്ദ് ടിവിയുടെ "ലെറ്റ്സ് ടാക്ക്" ലൈവ് പരിപാടിയില്‍ അഭിഭാഷക ജിജ ജെയിംസ് മാത്യു കണ്ടത്തില്‍ നടത്തിയ പരാമർശങ്ങളാണ് നോട്ടീസിന് ആധാരം.
മുല്ലപ്പെരിയാർ കരാർ പുതുക്കിയതുമായി ബന്ധപ്പെട്ട് സിപിഐക്ക് മദ്രാസിലെ ഓഫിസ് പ്രതിഫലമായി ലഭിച്ചുവെന്നും, കേരള ജനതയെ വഞ്ചിച്ചാണ് ഈ നേട്ടം നേടിയതെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതായി നോട്ടീസില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് വിശ്വാസയോഗ്യമോ വസ്തുതാപരമോ ആയ യാതൊരു അടിസ്ഥാനവുമില്ലെന്നും സമൂഹത്തില്‍ സിപിഐയുടെയും സി അച്യുതമേനോന്റെയും പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, വസ്തുതാപരിശോധനയില്ലാതെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ച് സമൂഹ മാധ്യമത്തില്‍ കൂടുതല്‍ റീച്ച് നേടുന്നതിനുള്ള ശ്രമമാണ് നടന്നതെന്നും, ഒരു അഭിഭാഷക എന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന് നിരക്കാത്ത രീതിയിലാണ് പരാമർശങ്ങള്‍ നടത്തിയതെന്നും നോട്ടീസില്‍ പറയുന്നു.
ഗുരുതരമായ ആരോപണങ്ങള്‍ക്ക് ആധാരമായ യഥാർത്ഥ രേഖകളും തെളിവുകളും പുറത്തുവിടണമെന്നും, ഇല്ലെങ്കില്‍ ആരോപണങ്ങള്‍ പിൻവലിച്ച് പരസ്യമായി മാപ്പുപറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യം വസ്തുതാപരിശോധനയില്ലാതെ എന്തും സംപ്രേഷണം ചെയ്യാനുള്ള ലൈസൻസല്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ആരോപണങ്ങള്‍ പിൻവലിക്കുക, വീഡിയോയും അതിന്റെ പകർപ്പുകളും നീക്കം ചെയ്യുക, നിരുപാധികമായി പരസ്യമായി മാപ്പുപറയുക, കൂടാതെ ഒരു കോടി നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ജയ്ഹിന്ദ് ടിവിയും തങ്ങളുടെ മാധ്യമ പ്ലാറ്റ്ഫോമിലൂടെ വ്യക്തമായ പൊതു ക്ഷമാപണം നടത്തി അപകീർത്തികരമായ പ്രസ്താവനകളുമായി ബന്ധപ്പെട്ട വീഡിയോ പിൻവലിക്കണമെന്നും, ജിജ ജെയിംസ് മാത്യു കണ്ടത്തില്‍ പ്രസ്തുത പ്രസ്താവനകള്‍ പ്രചരിപ്പിച്ച സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും സമാനമായ പ്രാധാന്യത്തോടെ മാപ്പും പിൻവലിക്കലും പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പെടെ നഷ്ടപരിഹാരവും മറ്റ് നിയമപരമായ പരിഹാരങ്ങളും തേടി കോടതിയെ സമീപിക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി.

