ബഹിരാകാശ മേഖലയില്‍ ചൈനയുമായുള്ള കടുത്ത മത്സരം നേരിടുന്നതിന്റെ ഭാഗമായി, ഭാവിയിലെ സിവിലിയൻ - സൈനിക ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി സ്പേസ് അക്കാദമി ആരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഹൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കയുടെ ഈ സുപ്രധാന നീക്കം വ്യക്തമാക്കിയത്. പ്രശസ്തമായ യുഎസ് സൈനിക അക്കാഡമിയായ വെസ്റ്റ് പോയിന്റിന്റെ മാതൃകയിലായിരിക്കും പുതിയ അക്കാദമി പ്രവർത്തിക്കുക.
യുണൈറ്റഡ് സ്റ്റേറ്റ്സ് സ്പേസ് ഫോഴ്‌സിനും നാസയ്ക്കും അതുപോലെ സിവിലിയൻ ബഹിരാകാശ യാത്രാ വ്യവസായത്തിനും അക്കാദമി സേവനം നല്‍കും. രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകളെ ആകർഷിക്കാനും പരിശീലിപ്പിക്കാനും അവരെ മികച്ചവരായി വാർത്തെടുക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎസ് സായുധ സേനയുടെ ആറാമത്തെ വിഭാഗമായ സ്പേസ് ഫോഴ്‌സിന് വെനസ്വേലയിലെയും ഇറാനിലെയും സമീപകാല അമേരിക്കൻ സൈനിക നീക്കങ്ങളില്‍ വലിയ പങ്കുണ്ടെന്നും ട്രംപ് പറഞ്ഞു. പുതിയ അക്കാദമി എവിടെയായിരിക്കും സ്ഥാപിക്കുകയെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഏപ്രിലില്‍ ചന്ദ്രന് സമീപത്തുകൂടി പറന്ന നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിലെ ബഹിരാകാശയാത്രികർക്കുള്ള 'കോണ്‍ഗ്രഷണല്‍ സ്പേസ് മെഡല്‍ ഓഫ് ഓണർ' പുരസ്കാരവും ചടങ്ങില്‍ പ്രസിഡന്റ് സമ്മാനിച്ചു.

