തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെ സന്ദർശിച്ച് നടൻ രജനികാന്ത്.
ചെന്നൈയിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.
ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ ഡിഎംകെ സഖ്യത്തിന് തമിഴ് മണ്ണില്‍ വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേവലം 59 സീറ്റുകളിലൊതുങ്ങിയ ഡിഎംകെ പ്രതിപക്ഷ നിരയിലേക്ക് തള്ളപ്പെട്ടു. കൊളത്തൂർ മണ്ഡലത്തില്‍ മത്സരിച്ച എം കെ സ്റ്റാലിൻ 8,700 വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമാണ്.
അതേസമയം, നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തകർപ്പൻ വിജയമാണ് തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്. 108 സീറ്റുകള്‍ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പുതിയ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ തമിഴ്‌നാട്ടില്‍ സജീവമാണ്. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയ വിജയിയുടെ ടിവികെക്ക് പിന്തുണ നല്‍കാൻ അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് വിവരം. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി അധികാരം പിടിച്ച എംജിആറിന്റെയും ജയലളിതയുടെയും പിൻഗാമിയായി വിജയ് മാറുന്നത് തമിഴ് രാഷ്ട്രീയത്തിലെ പുതിയ യുഗപ്പിറവിയായാണ് കണക്കാക്കപ്പെടുന്നത്.

