തമിഴ്നാട്ടിന്റെ പുതിയ പൊലീസ് മേധാവിയായി മഹേഷ് കുമാർ അഗർവാള്‍ നിയമിതനായി. 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായ മഹേഷ് കുമാർ നിലവില്‍ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) ഡിജിപിയായാണ് സേവനം അനുഷ്ഠിച്ചിരുന്നത്.
കൊല്‍ക്കത്ത ആസ്ഥാനമായുള്ള ബിഎസ്‌എഫ് ഈസ്റ്റേണ്‍ കമാൻഡിന്റെ സ്പെഷ്യല്‍ ഡയറക്ടർ ജനറലെന്ന അധിക ചുമതലയും അദ്ദേഹം വഹിച്ചു വരികയായിരുന്നു. യുപിഎസ്‌സി നിർദേശിച്ച മൂന്നംഗ പാനലില്‍ നിന്നാണ് തമിഴ്നാട് സർക്കാർ അദ്ദേഹത്തെ പുതിയ ഡിജിപിയായി തെരഞ്ഞെടുത്തത്. തമിഴ്നാട്ടില്‍ സ്ഥിരം ഡിജിപിയെ നിയമിക്കാത്തതിനെതിരെ നേരത്തെ സുപ്രീം കോടതിയില്‍ കേസ് നിലനിന്നിരുന്നു. ആക്ടിങ് ഡിജിപി നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് പുതിയ നിയമനം.
തമിഴ്നാട് കേഡറിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥരില്‍ ഒരാളായ മഹേഷ് കുമാർ അഗർവാളിന് അടുത്തിടെയാണ് കേന്ദ്ര സർക്കാർ ഡയറക്ടർ ജനറല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. മുമ്പ് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ള നിർണായക ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ചെന്നൈ നഗരത്തിലെ ക്രമസമാധാന ചുമതലകള്‍ക്ക് പുറമെ ആംഡ് പൊലീസ് ഡയറക്ടർ ജനറല്‍, ക്രൈം ബ്രാഞ്ച് സിഐഡി സ്പെഷ്യല്‍ ഡയറക്ടർ ജനറല്‍ എന്നീ പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പൊലീസ് ഭരണപരിഷ്കാരങ്ങള്‍ക്കായി രൂപീകരിച്ച അഞ്ചാം പൊലീസ് കമ്മീഷന്റെ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയ വിദഗ്ധ സംഘത്തിലും മഹേഷ് കുമാർ അംഗമായിരുന്നു. മികച്ച സേവനങ്ങളെ മുൻനിർത്തി രാഷ്ട്രപതിയുടെ വിശിഷ്ട സേവന മെഡലും തമിഴ്നാട് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

