Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഏഴ് പേര്‍ക്ക് പരിക്ക്

തീര്‍ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഏഴ് പേര്‍ക്ക് പരിക്ക്

Janayugom Online 1 week ago

തിരുവല്ല തുകലശ്ശേരിക്ക് സമീപം എംസി റോഡില്‍ തമിഴ്‌നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.

തമിഴ്‌നാട് തിരുനെല്‍വേലി കൂട്ടപ്പുളി സ്വദേശികളായ തീർഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. പ്രശസ്തമായ എടത്വ പള്ളി സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ.

ഇന്ന് പുലർച്ചെ അഞ്ചേകാലോടെ തുകലശ്ശേരി ചീക്കുളത്തിൻപടിയിലായിരുന്നു അപകടം നടന്നത്. ബസ് ഡ്രൈവർ അശോക് (42), ജോണ്‍ (7), നിഖില്‍ ആന്റണി (13), ആല്‍ബർട്ട് ജൂഡ് (49), സ്റ്റെഫി (23) എന്നിവർക്കാണ് പരിക്കേറ്റത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും വരികയായിരുന്ന ബസ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുത പോസ്റ്റുകളിലും സമീപത്തെ മതിലിലും ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു.

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തകർന്ന ബസില്‍ നിന്നും പരിക്കേറ്റവരെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രികളില്‍ എത്തിച്ചു. പരിക്കേറ്റവരില്‍ അഞ്ച് പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും, നിസ്സാര പരിക്കുകളുള്ള രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online