കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരം കൊണ്ടുണ്ടായതല്ലെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.
ടി എം തോമസ് ഐസക്. കേരളം കണ്ട ഏറ്റവും മികച്ച വികസന മുന്നേറ്റത്തിന്റെ ദശകത്തിനൊടുവില്‍ ഇത്തരമൊരു പരാജയം ഉണ്ടായത് അപ്രതീക്ഷിതമാണെന്നും, എന്നാല്‍ ജനങ്ങളുടെ വിമർശനങ്ങള്‍ തുറന്ന മനസ്സോടെ ഉള്‍ക്കൊണ്ട് ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അന്യാദൃശ്യമായ വികസനവും ക്ഷേമപ്രവർത്തനങ്ങളും ചർച്ചയാക്കാനാണ് എല്‍ ഡി എഫ് ശ്രമിച്ചത്. എന്നാല്‍ വികസന രാഷ്ട്രീയത്തേക്കാള്‍ യു ഡി എഫിന്റെ ദുഷ്പ്രചാരണങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചത്. ബി ജെ പി - എല്‍ ഡി എഫ് ഡീല്‍ എന്ന നുണപ്രചാരണം ഇതില്‍ പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി ജെ പി വിജയിച്ച മൂന്ന് സീറ്റുകളിലും എല്‍ ഡി എഫ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. നേമത്തും കഴക്കൂട്ടത്തും യു ഡി എഫ് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞത് പരിശോധിക്കപ്പെടണം.
കേരളത്തില്‍ സാധാരണ അഞ്ച് വർഷം കൂടുമ്പോള്‍ ഉണ്ടാകാറുള്ള ഭരണമാറ്റം ഇത്തവണ പത്ത് വർഷത്തിന് ശേഷമാണ് സംഭവിച്ചിരിക്കുന്നത്. വലിയ ഭരണവിരുദ്ധ വികാരം ഇല്ലാതെതന്നെയാണ് ഈ മാറ്റം. പാർട്ടി അനുഭാവികളുടെയും ജനങ്ങളുടെയും വിമർശനങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തും. തകർച്ചയുണ്ടായി എന്ന തെറ്റിദ്ധാരണ വേണ്ട. ക്ഷേമപദ്ധതികളില്‍ നിന്ന് സർക്കാർ പിന്നോട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ പ്രതിപക്ഷമായി ഇടതുപക്ഷം പ്രവർത്തിക്കും. കിഫ്ബി പദ്ധതികളുടെ പൂർത്തീകരണവും പൊതുവിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ സംരക്ഷണവും മുൻഗണനയായിരിക്കും.
കേരളത്തിനെതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ നേരിടാൻ യു ഡി എഫിന് കഴിയുമോ എന്ന് കണ്ടറിയണം. മതനിരപേക്ഷത സംരക്ഷിക്കാനും ബി ജെ പിയെ പിന്നോട്ടടിക്കാനുമുള്ള പോരാട്ടം തുടരുമെന്നും ഐസക് വ്യക്തമാക്കി. അതസമയം "ഒരു സംശയവും വേണ്ട, കൊടുങ്കാറ്റുപോലെ നാം തിരിച്ചുവരും" എന്ന ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

