Dailyhunt
തിരിച്ചടി അപ്രതീക്ഷിതം, പോരായ്മകള്‍ തിരുത്തും, ബിജെപിയുടെ വിജയം ഗൗരവകരമെന്ന് സി പി ഐ എം

തിരിച്ചടി അപ്രതീക്ഷിതം, പോരായ്മകള്‍ തിരുത്തും, ബിജെപിയുടെ വിജയം ഗൗരവകരമെന്ന് സി പി ഐ എം

Janayugom Online 1 week ago

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണെന്നും പോരായ്മകള്‍ പരിശോധിച്ച്‌ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്.

പത്ത് വർഷത്തെ ഭരണ നേട്ടങ്ങള്‍ക്കിടയിലും സംഭവിച്ച ഈ പരാജയത്തെ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലും ആരോഗ്യ-വിദ്യാഭ്യാസ-പാർപ്പിട മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും എല്‍ ഡി എഫ് സർക്കാർ വിജയിച്ചിരുന്നു. നീതി ആയോഗിന്റെ കണക്കനുസരിച്ച്‌ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റാനും ക്ഷേമ പദ്ധതികളില്‍ മാതൃകയാകാനും കഴിഞ്ഞു. എന്നാല്‍ ഈ വികസന നേട്ടങ്ങള്‍ തുടർഭരണത്തിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് പാർട്ടി വിലയിരുത്തുന്നു.

കേരള നിയമസഭയില്‍ ബിജെപി മൂന്ന് സീറ്റുകള്‍ നേടിയത് അതീവ ഗൗരവമുള്ള കാര്യമാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
ബിജെപി വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും എല്‍. ഡി എഫ് ആണ് ശക്തമായി പൊരുതി രണ്ടാം സ്ഥാനത്തെത്തിയത്.
ഈ മണ്ഡലങ്ങളിലെല്ലാം യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നത് ഗൗരവകരമാണ്. മതസൗഹാർദ്ദത്തിന്റെ മണ്ണില്‍ വർഗ്ഗീയ രാഷ്ട്രീയം പിടിമുറുക്കുന്നത് തടയാൻ കൂടുതല്‍ ശക്തമായ പോരാട്ടം ആവശ്യമാണെന്ന് ഈ ഫലം ഓർമ്മിപ്പിക്കുന്നു.

ഭരണവിരുദ്ധ വികാരമില്ലാതെ തന്നെ സംഭവിച്ച ഈ പരാജയത്തെക്കുറിച്ച്‌ ഉയർന്നുവരുന്ന വിമർശനങ്ങള്‍ പാർട്ടി തുറന്ന മനസ്സോടെ പരിശോധിക്കും. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന രീതി തിരുത്തിക്കൊണ്ട് പത്ത് വർഷം തുടർച്ചയായി അധികാരത്തിലിരിക്കാൻ കഴിഞ്ഞത് ജനകീയ പിന്തുണയുടെ തെളിവായിരുന്നു. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും ക്രിയാത്മകമായി മുന്നോട്ടുപോകുമെന്ന് പാർട്ടി വ്യക്തമാക്കി. എല്‍ ഡി എഫിന് വോട്ട് ചെയ്ത മുഴുവൻ ജനങ്ങളെയും സംസ്ഥാന സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online