Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാഷ്ട്രീയ പോര് മുറുകുന്നു, കാപ്പ തടവുകാരൻ സുഗതന്റെ അയോഗ്യത ഒഴിവാക്കാൻ നീക്കം; പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രാഷ്ട്രീയ പോര് മുറുകുന്നു, കാപ്പ തടവുകാരൻ സുഗതന്റെ അയോഗ്യത ഒഴിവാക്കാൻ നീക്കം; പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം

Janayugom Online 2 weeks ago

ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട് കരുതല്‍ തടങ്കലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലർ ആർ സുഗതന്റെ കൗണ്‍സില്‍ അംഗത്വം സംരക്ഷിക്കാനുള്ള നീക്കങ്ങളെച്ചൊല്ലി തിരുവനന്തപുരം കോർപ്പറേഷനില്‍ പ്രതിസന്ധി രൂക്ഷമാകുന്നു.

വാഴോട്ടുകോണം വാർഡ് കൗണ്‍സിലറായ സുഗതനെ അയോഗ്യനാക്കുന്നത് തടയാൻ ബിജെപി നല്‍കിയ അവധി അപേക്ഷ ഇന്ന് കൗണ്‍സില്‍ പരിഗണിക്കും. വധശ്രമം അടക്കം പത്തൊൻപതോളം കേസില്‍ പ്രതിയായതിനെ തുടർന്ന് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം (കാപ്പ) ആറു മാസത്തേക്ക് തടവിലാക്കപ്പെട്ട സുഗതൻ നിലവില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലാണ് കഴിയുന്നത്.

മുൻപ് ഹൈക്കോടതി നിർദേശപ്രകാരം ജയിലിനുള്ളില്‍ വെച്ചാണ് ഇയാള്‍ നഗരസഭാ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ സ്വയംഭരണ ചട്ടങ്ങള്‍ അനുസരിച്ച്‌ കൗണ്‍സിലിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ജനപ്രതിനിധിക്ക് അയോഗ്യത കല്‍പ്പിക്കപ്പെടും. സുഗതൻ ഹാജരാകാത്ത മൂന്നാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. ഈ സാഹചര്യത്തില്‍ അംഗത്വം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹത്തിന്റെ അവധി അപേക്ഷ കൗണ്‍സിലില്‍ പാസാക്കിയെടുക്കുക മാത്രമാണ് ബിജെപിയുടെ മുന്നിലുള്ള വഴി.

കാപ്പ കേസില്‍ ജയിലില്‍ കിടക്കുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിക്ക് പ്രത്യേക ഇളവുകള്‍ നല്‍കി അവധി അനുവദിക്കുന്നത് ജനാധിപത്യത്തോട് ചെയ്യുന്ന വഞ്ചനയാണെന്നാണ് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ നിലപാട്. അവധി അപേക്ഷയെ ശക്തമായി എതിർക്കുമെന്നും, യോഗത്തിന് ശേഷം സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നല്‍കുമെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. അതേസമയം, നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും അവധി അപേക്ഷ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ തീരുമാനമെടുക്കുമെന്നുമാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് ശേഷം ചേരുന്ന കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകാനാണ് സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online