ബംഗളൂരു: ഇന്ത്യയിലെ ആദ്യ സംഘടിത ദേശീയ തൊഴിലാളി സംഘടനയായ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോണ്‍ഗ്രസ് (എഐടിയുസി) ദേശീയ സമ്മേളനത്തിന് തൊഴിലാളി സമരങ്ങളുടെ ആവേശകരമായ ചരിത്രമുറങ്ങുന്ന ബംഗളൂരുവില്‍ തുടക്കമായി.
ഗാന്ധിനഗറിലെ ഫ്രീഡം പാര്‍ക്കില്‍ രാവിലെ ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെയായിരുന്നു തുടക്കം. തൊഴിലാളികളുടെ സംഘശക്തി വിളിച്ചോതുന്നതായിരുന്നു റാലിയിലെ പങ്കാളിത്തം. പൊതു, സ്വകാര്യ, സംഘടിത, അസംഘടിത മേഖലകള്‍, അങ്കണവാടി, ആശാ സ്കീം വർക്കർമാർ തുടങ്ങി വിവിധ മേഖലകളെ പ്രതിനിധാനം ചെയ്ത് റാലിയില്‍ പങ്കെടുത്ത തൊഴിലാളികള്‍ പുതിയകാല പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുവാൻ തങ്ങള്‍ ഉണ്ടെന്ന് നിശ്ചയദാർഢ്യവുമായിട്ടാണ് എത്തിയത്.
വർക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വത്തിന്റെ അധ്യക്ഷതയില്‍ വേള്‍ഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ (ഡബ്ല്യുഎഫ്ടിയു) ജനറല്‍ സെക്രട്ടറി പാംബിസ് ക്രിസ്തി റാലി ഉദ്ഘാടനം ചെയ്തു. എഐടിയുസി ജനറല്‍ സെക്രട്ടറി അമർജിത് കൗർ, ദേശീയ ഭാരവാഹികളായ വിദ്യാസാഗർ ഗിരി, സുകുമാർ ദാംലെ, കെ സുബ്ബരായൻ എംപി, രാമകൃഷ്ണ പാണ്ട, കെപി രാജേന്ദ്രൻ, വാഹിദ നിസ്സാം, ആർ പ്രസാദ്, രമൻ ദാസ്, ലീനാ ചാറ്റർജി, ടി എം മൂർത്തി, നിർമ്മല്‍ സിഘ് ധവാൻ, സി എച്ച് വെങ്കിടാചലം, ടി ജെ ആഞ്ചലോസ് എന്നിവർ പ്രസംഗിച്ചു. 14 വിദേശരാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട മറ്റു പ്രതിനിധികളും പങ്കെടുത്തു.
26 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളുമായി 1,400 ഓളം പേര്‍ പങ്കെടുക്കുന്നു. കേരളത്തില്‍ നിന്നും 170 പ്രതിനിധികളാണുള്ളത്.
ഇന്ത്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിർണായകമായ സ്ഥാനമുള്ള ബംഗളൂരുവില്‍ ദേശീയ സമ്മേളനം നടക്കുന്നതിന് സവിശേഷ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഒരുകാലത്ത് തുണിമില്ലുകളിലെ തൊഴിലാളികളുടെ വിയർപ്പും പോരാട്ട വീര്യവും കൊണ്ട് വ്യവസായ നഗരമായി വളർന്ന ബംഗളൂരു ഇന്ന് രാജ്യത്തിന്റെ ഐടി തലസ്ഥാനമായി അറിയപ്പെടുമ്പോഴും അതിന്റെ വളർച്ചയുടെ അടിത്തറയില്‍ തൊഴിലാളികളുടെ അധ്വാനത്തിന്റെയും അവകാശപ്പോരാട്ടങ്ങളുടെയും ചരിത്രമുണ്ട്.
കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ദേശീയ സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായിരിക്കും. തൊഴില്‍ കോഡുകള്‍, സ്വകാര്യവല്‍ക്കരണം, പൊതുമേഖലയുടെ തകർച്ച, തൊഴിലില്ലായ്മ, കരാർവല്‍ക്കരണം, മിനിമം വേതനം, സാമൂഹിക സുരക്ഷ, പെൻഷൻ, എട്ടുമണിക്കൂർ ജോലി തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം വിശദമായി ചർച്ച ചെയ്യും. തൊഴിലാളികള്‍ ദീർഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനും ശക്തമായ ദേശീയ പ്രക്ഷോഭങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും.
ബംഗളുരു സര്‍വകലാശാല ക്യാമ്പസിലെ ജ്ഞാന്‍ ജ്യോതി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകിട്ട പ്രതിനിധി സമ്മേളനം ആരംഭിച്ചു. വര്‍ക്കിങ് പ്രസിഡന്റ് ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. 23ന് രാവിലെ ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് പൊതു ചര്‍ച്ച ആരംഭിക്കും. 25ന് രാവിലെ പ്രതിനിധികള്‍ നാല് കമ്മിഷനുകളായി വിവിധ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ചര്‍ച്ചയും തുടര്‍ന്ന് റിപ്പോര്‍ട്ടുകളുടെ അംഗീകരണവും. 26ന് ഉച്ചയ്ക്ക് പുതിയ കമ്മിറ്റി, ഭാരവാഹി തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും.

