രാജ്യത്തിന്റെ ഭരണഘടന തൊഴിലാളിക്ക് നല്‍കിയ സംരക്ഷണം പാർലമെന്റും പരമോന്നത നീതിപീഠവും നിഷേധിക്കുന്ന പുതിയ സാഹചര്യം ഗൗരവതരമാണ്.
1947ലെ വ്യവസായ തർക്ക നിയമത്തിലെ തൊഴിലാളി എന്ന പദം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നിർവചിച്ചത് 1978ലാണ്. നിയമത്തില്‍ നിലനിന്നിരുന്ന വ്യവസായം എന്ന വാക്കിന് കൃത്യമായ നിർവചനമാണ് അന്ന് നല്‍കിയത്. "കേവലം ഉല്പാദന പ്രവർത്തനം നടത്തുന്നത് മാത്രമല്ല, തൊഴിലുടമയും തൊഴിലാളികളും ചേർന്ന് മനുഷ്യാവകാശങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ നടത്തുന്ന ഉല്പാദന പ്രവർത്തനം, സേവന പ്രവർത്തനം, ചരക്ക് വിതരണം എന്നിവ വ്യവസായം എന്ന പദത്തിന്റെ ആഖ്യാനത്തില്‍ ഉള്‍പ്പെടും. വ്യവസ്ഥാപിതമായ പ്രവർത്തനം, തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള സഹകരണം, ചരക്കുകളോ സേവനങ്ങളോ ഉല്പാദിപ്പിക്കപ്പെടുകയും വിതരണം നടത്തുകയും ചെയ്യുക എന്നതെല്ലാം ചേർന്നതാണ് വ്യവസായം.
" ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കരുത്തുപകർന്ന 1978ലെ ഈ ചരിത്രപരമായ ഉത്തരവ് 2026 ഓഗസ്റ്റ് 20ന് സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് പൊളിച്ചെഴുതുകയുണ്ടായി. ഉത്തർപ്രദേശ് സർക്കാരിന്റെ സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയില്‍ തൊഴിലാളിയായിരുന്ന ജയ്ബിർ സിങ്ങും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് 2002ല്‍ ആരംഭിച്ച കേസിന്മേലാണ് സുപ്രീം കോടതിയുടെ പുതിയ വിധി ഉണ്ടായത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നയിച്ച ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ഒമ്പത് പേരില്‍ അഞ്ച് പേരുടെ അഭിപ്രായമാണ് ഭൂരിപക്ഷ വിധിയായി പുറത്തുവന്നത്. വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് നാഗരത്ന, വിധിന്യായത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്- "50 വർഷമായി നിലനില്‍ക്കുന്ന കീഴ്‌വഴക്കം തകർക്കുന്നത് അനിശ്ചിതത്വം സൃഷ്ടിക്കും.
1978ലെ സുപ്രീം കോടതി വിധി തൊഴിലാളികള്‍ക്ക് സംരക്ഷണമായിരുന്നു. പ്രത്യേകിച്ച് സ്വകാര്യവല്‍ക്കരണ - ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍. ഈ വിധിയെ ദുർബലപ്പെടുത്തുന്നത് തൊഴിലാളികളുടെമേല്‍ കോർപറേറ്റുകളുടെ വിലപേശലിനെ ശക്തിപ്പെടുത്തും." സുപ്രീം കോടതിയുടെ പുതിയ നിർവചനത്തില്‍ വാണിജ്യ ലക്ഷ്യത്തോടുകൂടി നടത്തുന്ന ഉല്പാദന - സേവന പ്രവർത്തനങ്ങള്‍ മാത്രമാണ് വ്യവസായത്തിന്റെ ഭാഗമാകുക. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍, വീട്ടുജോലിക്കാർ, സർക്കാർ മേഖലകള്‍, മാനേജ്മെന്റ് - അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, സൂപ്പർവൈസർമാർ ഇവരുടെയൊക്കെമേല്‍ കുരുക്ക് വീഴാം. ഐടി സർവീസ് കമ്പനികളും ഇതില്‍പ്പെട്ടേക്കാം. ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത ഇന്ത്യയിലെ സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന പകുതിയോളം പേർ സേവനമേഖലയിലാണെന്നതാണ്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആന്റ് സീവേജ് എന്ന സ്ഥാപനവും തൊഴിലാളികളും തമ്മിലുള്ള കേസിലായിരുന്നു 1978ലെ വിധി.
സുപ്രീം കോടതിയില്‍ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നേതൃത്വം നല്‍കിയ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. തൊഴിലുടമ - തൊഴിലാളി ബന്ധമുള്ള ഏതൊരു സ്ഥാപനവും ഇതിന്റെ പരിധിയില്‍ വരുമെന്നായിരുന്നു ബെഞ്ചിന്റെ നിർവചനം. എന്നാല്‍ പുതിയ നിർവചനത്തില്‍ സുപ്രീം കോടതിയുടെ നിലപാട് വാണിജ്യ ലക്ഷ്യത്തോടുകൂടി നടത്തുന്ന ഉല്പാദന - സേവന പ്രവർത്തനങ്ങള്‍ മാത്രമാണ് വ്യവസായത്തിന്റെ ഭാഗമാകുക എന്നതാണ്. ലക്ഷക്കണക്കിന് തൊഴിലാളികള്‍ വ്യവസായത്തിന്റെ നിർവചനത്തില്‍ നിന്നും പുറത്തുപോകും. മാത്രമല്ല തൊഴില്‍ നിയമങ്ങളുടെ യാതൊരു ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുകയുമില്ല. ട്രിബൂണലുകളിലും കോടതികളിലും മറ്റ് അധികാര സ്ഥാപനങ്ങളിലും 1978ലെ വ്യവസായ തർക്ക നിയമപ്രകാരമുള്ള തർക്കങ്ങള്‍ പുതിയ നിയമപ്രകാരം തീർപ്പാക്കാം. എന്നാല്‍ 1978ലെ വിധി 2020ല്‍ പസാക്കിയ വ്യവസായബന്ധ കോഡിന് ബാധകമല്ല. ഇതുമൂലം ഇന്ത്യൻ തൊഴിലാളി വർഗത്തിന് കനത്ത ആഘാതമാണ് ഏല്‍ക്കുന്നത്. നേരത്തെ നൂറിലധികം തൊഴിലാളികളുള്ള ഒരു വ്യവസായം ലേഓഫ് ചെയ്യണമെങ്കിലും പൂട്ടണമെങ്കിലും സർക്കാരിന്റെ മുൻകൂർ അനുവാദം നിർബന്ധമായിരുന്നു.
പുതിയ നിയമപ്രകാരം അത് മുന്നൂറിലധികം തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥാപനങ്ങള്‍ എന്നാക്കി. ഈ കോഡ് ട്രേഡ് യൂണിയനുകള്‍ ശക്തമായി എതിർത്തതാണ്. നിലവില്‍ നിരവധി വ്യവസായ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ടെങ്കിലും ഇതില്‍ മഹാഭൂരിപക്ഷവും കരാർത്തൊഴിലാളികളായിരിക്കും. തന്മൂലം വ്യവസായം നടത്തുന്നവർക്ക് തോന്നിയതുപോലെ ലേഓഫും പിരിച്ചുവിടലും നടത്താനുള്ള അനുവാദം പുതിയ വ്യവസായ കോഡ് നല്‍കുന്നുണ്ട്. കരാർത്തൊഴിലാളികളുടെ ഉടമ കരാറുകാരനാണ് വ്യവസായം നടത്തുന്നയാളല്ല എന്നാണ് വ്യാഖ്യാനം. തൊഴിലുടമ സർക്കാർ സ്ഥാപനമോ, കരാറുകാരനോ, ചാരിറ്റബിള്‍ സ്ഥാപനമോ, മറ്റ് ഒഴിവാക്കപ്പെട്ട സ്ഥാപനമോ ആയതിനാല്‍, അടിസ്ഥാനപരമായി സമാന ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് തുല്യമായ വ്യാവസായിക സംരക്ഷണം നിഷേധിക്കാൻ ഇൻഡസ്ട്രിയല്‍ റിലേഷൻസ് കോഡ് ഉപയോഗിക്കുന്ന നീക്കം എതിർക്കപ്പെടേണ്ടതാണ്. സാമൂഹികവും സാമ്പത്തികവുമായ നീതി, സമത്വം, തൊഴില്‍ മാന്യത, സംഘടനാ സ്വാതന്ത്ര്യം എന്നിവയോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധത ദുർബലപ്പെടുത്തുന്നതിനുള്ള ഉപകരണങ്ങളായി പുതിയ ലേബർ കോഡുകള്‍ മാറാൻ അനുവദിക്കാനാവില്ല. തൊഴിലാളിയും മൂലധനവും തമ്മിലുള്ള ഘടനാപരമായ അസമത്വത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത ഒരു വർഗ സ്വഭാവത്തിലേക്കുള്ള ജുഡീഷ്യറിയുടെ വർധിച്ചുവരുന്ന ദൃശ്യമായ വ്യതിയാനത്തില്‍ ആശങ്ക ഉയരുന്നുണ്ട്.
ജുഡീഷ്യല്‍ നിഷ്പക്ഷത എന്നാല്‍ തൊഴിലാളികളുടെ കൂട്ടായ ശക്തിയെ ദുർബലപ്പെടുത്തുന്ന തരത്തിലാകരുത്. തൊഴിലവകാശങ്ങളുടെയും സാമൂഹിക നീതിയുടെയും ഭരണഘടനാ സമത്വത്തിന്റെയും സംരക്ഷണത്തില്‍ ഇന്ത്യൻ ജുഡീഷ്യറി പലപ്പോഴും പ്രശംസനീയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഭരണകൂടവും കോർപറേറ്റുകളും ചേർന്ന് നടത്തുന്ന കടന്നാക്രമണത്തില്‍ നിന്നും പാവപ്പെട്ടവർക്ക് സംരക്ഷണം നല്‍കുവാനും പരമോന്നത നീതിപീഠത്തിന് കഴിയണം. കേന്ദ്രസർക്കാർ നടപ്പിലാക്കിയ നാല് ലേബർ കോഡുകള്‍ക്കെതിരെ 2020 മുതല്‍ ഇന്ത്യയിലെ തൊഴിലാളികള്‍ നടത്തുന്ന പോരാട്ടങ്ങള്‍ നീതിപീഠം കാണാതെ പോകരുത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് നടന്ന ദേശീയ പണിമുടക്കിലും ഒാഗസ്റ്റ് 10ന് നടന്ന ജയില്‍ നിറയ്ക്കല്‍ സമരത്തിലുമുണ്ടായ തൊഴിലാളി പങ്കാളിത്തം ഇതില്‍ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഭരണഘടന നല്‍കുന്ന സംരക്ഷണം ലംഘിക്കുന്ന ലേബർ കോഡുകളെ ന്യായീകരിച്ച വിധി പുനഃപരിശോധിക്കണമെന്നാണ് തൊഴിലാളികള്‍ സുപ്രീം കോടതിയോട് അഭ്യർത്ഥിക്കുന്നത്.

