Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൊഴില്‍ശക്തിയുടെ ദേശീയ സമ്മേളനം

തൊഴില്‍ശക്തിയുടെ ദേശീയ സമ്മേളനം

Janayugom Online 17 hrs ago

ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ എഐടിയുസിയുടെ 43-ാം ദേശീയ സമ്മേളനം ഇന്ന് മുതല്‍ 26 വരെ ബംഗളൂരുവില്‍ നടക്കുകയാണ്.

എഐടിയുസിയുടെ കഴിഞ്ഞ ദേശീയ സമ്മേളനം മുതലുള്ള പ്രവർത്തനങ്ങള്‍ വിലയിരുത്തപ്പെടുത്തുകയും ഭാവി പ്രവർത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നതിന് പുറമേ ആഗോളതലത്തിലെയും നമ്മുടെ രാജ്യത്തെയും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വിഷയങ്ങളും, ജനാധിപത്യാവകാശ പ്രശ്നങ്ങളും, തൊഴിലാളികളുടെ ദൈനംദിന പ്രശ്നങ്ങളും മറ്റ് സമകാലിക വിഷയങ്ങളും ഈ സമ്മേളനത്തില്‍ ചർച്ച ചെയ്യും. സാർവദേശീയ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രവർത്തിച്ച്‌ വിപുലമായ അനുഭവസമ്പത്തുള്ള ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ ജനറല്‍ സെക്രട്ടറി പാമ്പിസ് കൈറിറ്റ്സിസ്, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പ്രതിനിധി, കേന്ദ്ര ട്രേഡ് യൂണിയനുകളുടെ പ്രതിനിധികള്‍ എന്നിവരെക്കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സൗഹാർദ പ്രതിനിധികളും സമ്മേളനത്തില്‍ അഭിവാദ്യങ്ങള്‍ അർപ്പിക്കും. 43-ാം ദേശീയ സമ്മേളനത്തിനോടനുബന്ധിച്ച്‌ ലോക ട്രേഡ് യൂണിയൻ ഫെഡറേഷന്റെ ഏഷ്യ-പസഫിക് മേഖലാ സമ്മേളനവും നവംബർ 20, 21 തീയതികളിലായി നടന്നു, ഏഷ്യ-പസഫിക് മേഖലയിലെ 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

തൊഴിലാളി വർഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴില്‍ സംരക്ഷണാവകാശ നിയമങ്ങളെ തിരുത്തിയെഴുതി തൊഴിലാളി വിരുദ്ധത കുത്തിനിറച്ച ലേബർ കോഡുകള്‍ രാജ്യമാകെ ബാധകമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ ഒന്നാം വാർഷിക വേളയിലാണ് എഐടിയുസി ദേശീയ സമ്മേളനം ചേരുന്നത്. ഫാസിസം രാജ്യത്തെമ്പാടും നടമാടുന്നു. തീവ്ര ദേശീയ വാദം, മനുഷ്യാവകാശങ്ങളോടും ജനാധിപത്യ അവകാശങ്ങളോടുമുള്ള അവജ്ഞ, അഭിപ്രായ സ്വാതന്ത്ര്യ നിഷേധം, ന്യൂനപക്ഷ വിരോധം, പുരുഷ മേധാവിത്വവും ലിംഗപരമായ വിവേചനവും, മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണം, ഭൂരിപക്ഷ മത പ്രീണനം, കോർപറേറ്റ് ശക്തികളുമായുള്ള ചങ്ങാത്തവും പരസ്പര സഹകരണവും, ശാസ്ത്രത്തോടും ശാസ്ത്രജ്ഞരോടുമുള്ള അവഗണന, ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണങ്ങള്‍, സ്വജനപക്ഷപാതവും അഴിമതിയും, പ്രഹസനമാകുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകള്‍, നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗപ്പെടുത്തലുകള്‍ എന്നിവയെല്ലാം രാജ്യത്ത് നടമാടുന്നു. അതിന്റെ പരിണിതഫലമായി ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. മതേതരത്വവും ബഹുസ്വരതയും നശിക്കുകയാണ്. വർഗീയത പടരുകയാണ്. ദാരിദ്ര്യവും അസമത്വവും തൊഴിലില്ലായ്മയും വർധിക്കുകയും ജനജീവിതം ദുഃസഹമാവുകയുമാണ്. ഈ അവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളും രാജ്യമാസകലം നടന്ന് കൊണ്ടിരിക്കുന്നു. തൊഴിലാളികളും, കർഷകരും, യുവജനങ്ങളും, വിദ്യാർത്ഥികളും തുടങ്ങി സമൂഹത്തിലെ മിക്ക വിഭാഗങ്ങളും ഇന്ന് പോരാട്ടത്തിന്റെ പാതയിലാണ്.

അവരെല്ലാം ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നത് ജനാധിപത്യാവകാശ സംരക്ഷണവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുമാണ്. എന്നാല്‍ അവയെല്ലാം അടിച്ചമർത്തുന്ന സമീപനമാണ് ഭരണാധികാരികള്‍ വച്ച്‌ പുലർത്തുന്നത്. അടിച്ചമർത്തുന്തോറും ശക്തിപ്രാപിക്കുന്ന ആ പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമെന്ന് പോലും വിശേഷിപ്പിക്കാവുന്ന തലത്തിലേക്ക് പടരുകയാണ്. ഇപ്രകാരം വളരെ സങ്കീർണവും അസന്ദിഗ്ധവുമായ ഒരു സമയത്താണ് എഐടിയുസി യുടെ സമ്മേളനം ചേരുന്നത്. അതുകൊണ്ട് തന്നെ ഈ സമ്മേളനത്തിന്റെ പ്രസക്തി അഭൂതപൂർവമായി വർധിച്ചിരിക്കുന്നു. ബംഗളൂരു ഫ്രീഡം പാർക്ക് ഗ്രൗണ്ടില്‍ 22ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന റാലിയോടെയും പൊതുയോഗത്തോടെയുമാണ് ദേ ശീയ സമ്മേളനത്തിന്റെ തിരശീല ഉയരുക. 23ന് രാവിലെ ഉദ്ഘാടന സമ്മേളനവും തുടർന്ന് വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുടേയും വിദേശ പ്രതിനിധികളുടേയും സൗഹാർദ സമ്മേളനവും നടക്കും. 26ന് വൈകുന്നേരം പുതിയ ജനറല്‍ കൗണ്‍സില്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം സമാപിക്കും. എല്ലാവർക്കും 42,000 രൂപ മിനിമം വേതനം, മാന്യമായ തൊഴില്‍ സാഹചര്യങ്ങളും സാമൂഹിക സുരക്ഷയും സാർവത്രിക പെൻഷനും ഉറപ്പാക്കുക, ലേബർ കോഡുകള്‍ റദ്ദാക്കുക, ലേബർ കോഡുകളുടെ പരിഷ്കരണത്തിനായി ഐഎല്‍സി വിളിച്ചുകൂട്ടുക, സ്വകാര്യവല്‍ക്കരണവും, കരാർവല്‍ക്കരണവും ഔട്ട് സോഴ്സിങ്ങും അവസാനിപ്പിക്കുക, പൊതുമേഖലയെയും പൊതു സേവനങ്ങളെയും സംരക്ഷിക്കുക, ഒഴിവുകള്‍ നികത്തുക, പുതിയ തസ്തികകള്‍ക്കുള്ള വിലക്ക് പിൻവലിക്കുക, തൊഴിലിടങ്ങളില്‍ ലിംഗനീതിയും സമത്വവും ഉറപ്പാക്കുക, ഗിഗ്, പ്ലാറ്റ്ഫോം തൊഴില്‍ മേഖലകളില്‍ തൊഴിലാളി പദവി ഉറപ്പാക്കുക, സ്കീം തൊഴിലാളികളെ പൂർണ ആനുകൂല്യങ്ങളോടെ സ്ഥിരപ്പെടുത്തുക, മതേതര ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം, വിയോജിക്കുവാനുള്ള അവകാശം എന്നിവ സംരക്ഷിക്കുന്നതിനായി എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും ഭാഷകളെയും ബഹുമാനിക്കുക, പൗരന്മാരുടെ അവകാശങ്ങള്‍ കവർന്നെടുക്കുന്ന എസ്‌ഐആറും സമാനമായ നടപടികളും പിൻവലിക്കുക, ലോകസമാധാനത്തിനായി യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കുക, ഭരണഘടനയേയും, ജനങ്ങളെയും രാഷ്ട്രത്തെയും രക്ഷിക്കുക തുടങ്ങിയ പ്രധാന വിഷയങ്ങളിലൂന്നിയായിരിക്കും സമ്മേളനത്തിലെ ചർച്ചകള്‍ നടക്കുക.

മിനിമം വേതനം, സാമൂഹിക സുരക്ഷ, അസംഘടിത തൊഴില്‍ മേഖല, പൊതുവായ തൊഴിലവകാശ സംരക്ഷണം, രാഷ്ട്രീയ-സാമ്പത്തിക അവലോകനം തുടങ്ങി വിവിധ കമ്മിഷനുകള്‍ തയ്യാറാക്കി അവതരിപ്പിക്കുന്ന റിപ്പോർട്ടുകളെ ആധാരമാക്കിയുള്ള ചർച്ചകളും സമ്മേളനത്തില്‍ നടക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കെതിരെയും, മനുഷ്യാവകാശങ്ങള്‍ക്കെതിരെയും, ജനാധിപത്യ അവകാശങ്ങള്‍ക്കെതിരെയും ഉയരുന്ന ആക്രമണങ്ങളെ ചെറുക്കാനുള്ള ശക്തമായ പോരാട്ടങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. അവകാശങ്ങള്‍ക്കുവേണ്ടി പോരാടുമ്പോള്‍ തൊഴിലാളി വർഗം ഒന്നാണ്. അവകാശങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാൻ തൊഴിലാളിവർഗ ഐക്യം അനിവാര്യമാണ്; കാലഘട്ടത്തിന്റെ ആവശ്യമാണ്. നിലവിലുള്ള കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും കർഷക സംഘടനകളുടെയും ഐക്യം ശക്തിപ്പെടുത്തുക മാത്രമല്ല അകന്ന് നില്‍ക്കുന്ന സഹോദരങ്ങളെയും ഈ സഖ്യത്തില്‍ പങ്കാളികളാക്കി മുന്നോട്ട് പോകണമെന്നാണ് എഐടിയുസി ആഗ്രഹിക്കുന്നത്. അതിനാവശ്യമായ ആഹ്വാനങ്ങളും തീരുമാനങ്ങളും ദേശീയ സമ്മേളനത്തില്‍ ഉരുത്തിരിയും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online