2047ഓടെ രാജ്യത്തെ 'വികസിത ഭാരതമാക്കി' മാറ്റുന്നതേപ്പറ്റിയുള്ള നിരന്തര വായ്ത്താരികളാണ് ജനങ്ങള്‍, വിശേഷിച്ചും ചെറുപ്പക്കാർ കേട്ടുകൊണ്ടിരിക്കുന്നത്.
എന്നാല്‍ അത്തരമൊരു വികസിത ഭാരതത്തിന്റെ ഗുണഭോക്താക്കളായി മാറേണ്ട ചെറുപ്പക്കാരുടെ തൊഴില്‍ സ്വപ്നങ്ങള്‍ എവിടെ എത്തിനില്‍ക്കുന്നുവെന്നതിന്റെ സൂചനയാണ് നിതി ആയോഗിന്റെ 'റീഇമാജിനിങ്-സ്കില്ലിങ്-ഫോർ-വികസിത്-ഭാരത്-2047' 2026ലെ റിപ്പോർട്ട് നല്‍കുന്നത്.
ഈ റിപ്പോർട്ട് യഥാർത്ഥത്തില്‍ തുറന്നുകാട്ടുന്നത് നിലവിലുള്ള സാമ്പത്തിക വിരോധാഭാസത്തെയാണ്. ദേശീയ തൊഴില്‍രാഹിത്യം കേവലം 3.2% ആണെന്നു കണക്കുകള്‍ പറയുന്നുണ്ടെങ്കിലും ബിരുദധാരികളുടെ തൊഴിലില്ലായ്മ 13 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. ബിരുദധാരികളായ സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മ 20.4% ആണ്. നിതി ആയോഗിന്റെ റിപ്പോർട്ട് ജനസംഖ്യയിലെ ഏതാണ്ട് 11 % വരുന്ന, 15നും 29നും ഇടയില്‍ പ്രായമുള്ള, 8.7 കോടിപ്പേരുടെ ആശ്രിതത്തെപ്പറ്റി പരാമർശിക്കുന്നുമുണ്ട്.
വിദ്യാഭ്യാസം, തൊഴില്‍, പരിശീലനം എന്നിവയ്ക്ക് പുറത്തുള്ള ഈ ജനവിഭാഗത്തെ 'നീറ്റ്' (നോട്ട് ഇൻ എജ്യൂക്കേഷൻ, എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ്) വിഭാഗത്തിലാണ് നിതി ആയോഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആയോഗിന്റെ വ്യാഖ്യാനത്തില്‍ ഈ വിഭാഗത്തില്‍പ്പെട്ടവർ സജീവ തൊഴിലന്വേഷകരല്ല. എന്നാല്‍ ജനസംഖ്യയില്‍ ഗണ്യമായ ഈ വിഭാഗത്തേയും അവരുടെ കഴിവുകളെയും പ്രയോജനപ്പെടുത്താതെ വികസിത ഭാരത ലക്ഷ്യം എങ്ങിനെ സാക്ഷാത്കരിക്കാനാവും എന്നത് വ്യക്തമല്ല. അവർ തൊഴില്‍, വിദ്യാഭ്യാസം, പരിശീലനം എന്നിവയില്‍നിന്നും സ്വമേധയാ വിട്ടുനില്‍ക്കുന്നവരായിരിക്കണമെന്നില്ല. അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് സ്വയം പിന്മാറിയവരായിരിക്കാം അവരില്‍ ഏറെപ്പേരും.
ആധുനിക തൊഴില്‍ സംരംഭങ്ങളില്‍ ഏർപ്പെടാൻ ആവശ്യമായ നൈപുണ്യം ആർജിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടവരും അക്കൂട്ടത്തില്‍ തീർച്ചയായും ഉണ്ടാവാമെന്ന് പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. തൊഴിലില്ലായ്മയുടെ മുഖ്യകാരണം തൊഴിലിന് ആവശ്യമായ നൈപുണിയുടെ അഭാവമാണെന്ന ആഖ്യാനമാണ് നിതി ആയോഗും സർക്കാരുകളും മുന്നോട്ടുവയ്ക്കുന്നത്. അത് ശരിയാണെങ്കില്‍ അതിന്റെ സമ്പൂർണ ഉത്തരവാദിത്തം സർക്കാരുകളുടേത് തന്നെയാണ്. നിലവിലുള്ള ലോകയാഥാർത്ഥ്യങ്ങളും തൊഴില്‍രംഗത്തെ വെല്ലുവിളികളും തിരിച്ചറിഞ്ഞ് വിദ്യാഭ്യാസ സംവിധാനങ്ങളെ കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ സർക്കാരുകള്‍ പരാജയപ്പെട്ടു എന്ന വസ്തുതയാണ് നൈപുണിയുടെ അഭാവം തുറന്നുകാട്ടുന്നത്.
നൈപുണി വികസനം ഒരു സർക്കാർ ഉത്തരവാദിത്തമായി ഏറ്റെടുക്കാതെ യോഗ്യരായ ഉദ്യോഗാർത്ഥികളെ സൃഷ്ടിക്കാനാവില്ല. അതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ പലതും പ്രായോഗികതലത്തില്‍ കടലാസുകളില്‍ ഒതുങ്ങുന്നു എന്നതാണ് വസ്തുത. നൈപുണി വികസനത്തിനുവേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 'സ്കില്‍ ലോണ്‍ സ്കീ'മിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ജനയുഗം കഴിഞ്ഞദിവസം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയ്ക്ക് ഉത്തേജനം നല്‍കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. 5000 മുതല്‍ 7,50,000 രൂപവരെ നൈപുണ്യ വികസനത്തിനായുള്ള വിദ്യാഭ്യാസത്തിന് വായ്പയായി നല്‍കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ ദേശസാല്‍കൃത പൊതുമേഖലാ ബാങ്കുകള്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
നാഷണല്‍ ഒക്ക്യൂപ്പേഷണല്‍ സ്റ്റാൻഡേർഡ്സ് പ്രകാരം അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളില്‍ പഠിക്കുന്നവർക്കാണ് ഈ വായ്പ ലഭിക്കുക. എന്നാല്‍, ബാങ്കുകളുടെ വീഴ്ചകാരണം വലിയൊരുവിഭാഗം കുട്ടികള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആവുന്നില്ല. വൻകിട കുത്തക കോർപ്പറേറ്റുകള്‍ക്ക് കൂറ്റൻ വായ്പകള്‍ നല്‍കുകയും അവ യഥേഷ്ടം എഴുതിത്തള്ളുകയും ചെയ്യുന്ന സർക്കാരും ബാങ്കുകളും പദ്ധതി പ്രഖ്യാപിക്കുന്നതിലും അതിന് പ്രചാരണം നല്‍കുന്നതിലും കാണിക്കുന്ന ശുഷ്കാന്തി അവയുടെ നടത്തിപ്പില്‍ ഉണ്ടാകുന്നില്ലെന്നാണ് അനുഭവം. ഇന്ന് രാജ്യത്തെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും അസ്വസ്ഥമാക്കുന്നത് നിലവില്‍ ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഫലശൂന്യതയും അത് മാന്യമായി തൊഴിലെടുത്ത് ജീവിക്കാൻ അവരെ പ്രാപ്തരാക്കുന്നില്ല എന്നതുമാണ്. പരമ്പരാഗത തൊഴിലുകള്‍ കാലഹരണപ്പെടുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതിനനുസരിച്ച് വിദ്യാഭ്യാസ സംവിധാനത്തില്‍ ശീഘ്രഗതിയിലുള്ള മാറ്റങ്ങള്‍ അനിവാര്യമായിരിക്കുന്നു.
ശാസ്ത്ര സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസരംഗത്തും മാറ്റങ്ങള്‍ വേഗതയും നൈരന്തര്യവും കൈവരിച്ചേ മതിയാകു. പഴയ പാഠ്യക്രമത്തില്‍ പഠനം പൂർത്തിയാക്കി തൊഴില്‍ തേടുന്നവരെ ആധുനിക നൈപുണിയില്‍ പരിശീലിപ്പിക്കാനും തൊഴില്‍ വിപണിയില്‍ മത്സരപ്രാപ്തരാക്കാനും കഴിയുന്നില്ലെങ്കില്‍ വികസിത ഭാരത ലക്ഷ്യങ്ങളില്‍ അവർ നഷ്ടപ്പെട്ട തലമുറകളായി മാറ്റപ്പെടും. അത് ദേശീയലക്ഷ്യങ്ങള്‍ സമയബന്ധിതമായി കൈവരിക്കുന്നതിന് വിഘാതമാവും. അതാവട്ടെ 'ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്', തുടങ്ങിയ മോഡി സർക്കാരിന്റെ രാഷ്ട്രീയ മുൻഗണനകളെക്കാള്‍ രാഷ്ട്രപുരോഗതിക്ക് അനിവാര്യവും അടിയന്തരവുമായ ആവശ്യവുമാണ്.

