Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉമര്‍  ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി  തള്ളി

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

Janayugom Online 4 days ago

പൗരത്വ സമരകാലത്തെ കേസുകളില്‍ വിചാരണ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതി തള്ളി.

15 ദിവസത്തേക്ക് ജാമ്യം ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയാണ് കോടതി ചൊവ്വാഴ്ച തള്ളിയത്. ജൂണ്‍ രണ്ടിന് തീരുമാനിച്ചിരിക്കുന്ന മാതാവിന്റെ ശസ്ത്രക്രിയ അടക്കമുള്ള ആവശ്യങ്ങള്‍ ജാമ്യ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാതാവിന്റെ ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള സഹായത്തിനായി ജാമ്യം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ തന്റെ അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന ആവശ്യവും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ഉമര്‍ ഖാലിദിനും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കും മുമ്പ് ഇടക്കാല ജാമ്യം നല്‍കിയതിനാലും അവര്‍ ജാമ്യ വ്യവസ്ഥകള്‍ പാലിച്ചിരുന്നു എന്നതിനാലും വീണ്ടും ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉമര്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍ ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബജ്‌പൈയുടെ ഉത്തരവില്‍ പറയുന്നു.ഉമറിന് നാല് സഹോദരിമാരുണ്ടെന്നും മാതാവിന്റെ ശസ്ത്രക്രിയുടെ സമയത്ത് അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അത്യാവശ്യമായ കാര്യമായി കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ജനുവരിയില്‍ ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്ക് ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിയില്‍ കോടതിയുടെ മറ്റൊരു ബെഞ്ച് കഴിഞ്ഞ ദിവസം വിയോജിപ്പ് അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഉമറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ദല്‍ഹി കോടതി വിധി.ഉമര്‍ ഖാലിദിനും ഒപ്പം പൗരത്വ സമരകാലത്തെ കേസുകളില്‍ വിചാരണ തടവില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ ബെഞ്ചിന്റെ വിധിയിലായിരുന്നു ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച വിയോജിപ്പ് പ്രകടിപ്പിച്ചത്. നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, അഞ്ചാരിയ എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചതെന്ന് നാഗരത്ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online