Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉഷ്ണതരംഗം; തെലങ്കാനയില്‍ 51 മരണം

ഉഷ്ണതരംഗം; തെലങ്കാനയില്‍ 51 മരണം

രാജ്യത്ത് ഉഷ്ണതരംഗം തുടരുന്നു. തെലങ്കാനയില്‍ ശനിയാഴ്ച മാത്രം സൂര്യാഘാതമേറ്റും കടുത്ത ചൂട് മൂലമുള്ള അസുഖങ്ങള്‍ കാരണവും 51 പേർ മരിച്ചു.

സംസ്ഥാനത്ത് ആകെ മരണം നൂറ് കടന്നു. 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലുള്ള ബ്രഹ്മപുരിയിലാണ് രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്; 47.2 ഡിഗ്രി സെല്‍ഷ്യസ്. മധ്യേന്ത്യയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും അടുത്ത ഏഴ് ദിവസത്തേക്ക് ശക്തമായ ഉഷ്ണതരംഗം തുടരുമെന്നാണ് പ്രവചനം. കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസം വരെ ചൂട് കഠിനമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ 43.6 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ഡല്‍ഹിയിലെ അയാനഗർ, റിഡ്ജ് എന്നീ സ്ഥലങ്ങളില്‍ 44.6 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയർന്നു. മഹാരാഷ്ട്രയിലെ വിദർഭ മേഖലയില്‍ പല സ്ഥലങ്ങളിലും ചൂട് 45 ഡിഗ്രിക്ക് മുകളിലാണ്. ചന്ദ്രപൂരില്‍ 45.6 ഡിഗ്രിയും വാർധയില്‍ 45.5 ഡിഗ്രിയും നാഗ്പൂരില്‍ 45.4 ഡിഗ്രിയും അമരാവതിയില്‍ 45.2 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തി. ഉത്തർപ്രദേശില്‍ 46.8 ഡിഗ്രി സെല്‍ഷ്യസ് ചൂടുമായി ബന്ദയാണ് ഏറ്റവും മുന്നില്‍.

തലസ്ഥാനമായ ലഖ്‌നൗവില്‍ 42.6 ഡിഗ്രിയും പ്രയാഗ്‌രാജ്, ഝാൻസി എന്നിവിടങ്ങളില്‍ 45.6 ഡിഗ്രി വീതവും ചൂട് രേഖപ്പെടുത്തി. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഹരിയാനയിലെ സിർസയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. റോഹ്തക്ക് (45.3 ഡിഗ്രി), ഹിസാർ (43.8 ഡിഗ്രി), ചണ്ഡീഗഢ് (40.9 ഡിഗ്രി) എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ കണക്കുകള്‍. അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ ഉഷ്ണതരംഗം തുടരുമെന്ന് ആന്ധ്രാപ്രദേശിനും മുന്നറിയിപ്പ് നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online