ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ എട്ടു പേർ മരിച്ചു. ഒരു കുടുംബത്തിലെ നാല് പേരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ നാല് പേരുമാണ് മരിച്ചത്.
ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഖുട്ടാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷാജഹാൻപൂർ-പാലിയ റോഡിലായിരുന്നു ആദ്യത്തെ അപകടം. ഏപ്രില്‍ 25ന് വിവാഹിതയായ യുവതിയുടെ യാത്രയയപ്പ് ചടങ്ങുകള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
റൗതപൂർ ഗ്രാമത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന കാറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. കല്‍പ്പന (25), ശേഷരി (28), വീണ (35), ഡ്രൈവർ നിർദേശ് (29) എന്നിവരാണ് മരിച്ചവർ. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നാലുവരി ബൈപാസ് റോഡിലായിരുന്നു മറ്റൊരു അപകടം. കുടുംബം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്കിലേക്ക് അമിതവേഗത്തില്‍ വന്ന ബൊലേറോ ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് തെറ്റായ ദിശയില്‍ വന്നതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. അരുണ്‍ (35), ഭാര്യ സീമ (32), മക്കളായ ദീക്ഷ (10), നൈതിക് (3) എന്നിവരാണ് മരിച്ചവർ.

