Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വളര്‍ച്ചയിലെ വൈകൃതങ്ങള്‍

വളര്‍ച്ചയിലെ വൈകൃതങ്ങള്‍

Janayugom Online 17 hrs ago

ശാസ്ത്രം വളര്‍ന്നു, സംശയമില്ല. നാടുവികസിച്ചു, ഒട്ടും സംശയമില്ല. പക്ഷേ, മാനസിക വൈകൃതങ്ങള്‍ തിരുത്തപ്പെട്ടില്ല.

അങ്ങേയറ്റം ലജ്ജാകരമായ അവസ്ഥയില്‍ ചിലര്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ പൊതുശല്യക്കാരായി വളര്‍ന്നിരിക്കുന്നു. കൈവെള്ളയില്‍ ലോകം കൊണ്ടുനടക്കാമെന്ന വ്യാമോഹവിജ്ഞാനം, അന്ധതയും അരാജകത്വവും പ്രചരിപ്പിച്ച്‌ പണം നേടാമെന്ന് കണ്ടുപിടിച്ചിരിക്കുന്നു. ധനമോഹികളോ, സ്വഭാവവൈകൃതക്കാരോ പൊതുസമൂഹത്തില്‍ സ്വീകാര്യരാവുന്ന ദുഷിച്ച പ്രവണത, മുതിര്‍ന്ന തലമുറയെ അക്ഷരാര്‍ത്ഥത്തില്‍ അശാന്തരാക്കുന്നു. അശ്ലീലഭാഷയ്ക്ക് ആരാധകരേറെയാണത്രെ. തരംതാണ ശാരീരിക ചേഷ്ടകള്‍ കണ്ടുരസിക്കുന്ന അസംഖ്യം അനുയായികളുടെ പിന്തുണ, ധനാഗമ മാര്‍ഗമാണുപോലും.

ആര്‍ക്കും നിയന്ത്രിക്കാനാവാത്ത നവമാധ്യമ പേക്കൂത്തുകള്‍ക്ക് ഏറ്റവുമൊടുവില്‍ ഇരയായിരിക്കുന്നത് അധ്യാപികമാരും സഹപാഠികളായ വിദ്യാര്‍ത്ഥിനികളും! അപമാനഭാരത്താല്‍ പുറത്തിറങ്ങാനാവാത്ത ദുരവസ്ഥ!! നഗ്നത കണ്ടാല്‍ ഏതോ മഹാസ്വര്‍ഗം കിട്ടിയതുപോലെ മതിമറക്കുന്നവര്‍ക്ക് നിത്യവും ഇരയെ കൊടുക്കുന്ന തൊഴില്‍ യുവവിദ്യാര്‍ത്ഥി ഏറ്റെടുത്തിരിക്കുന്നു. സാഹിത്യവും ചരിത്രവും രസതന്ത്രവും പഠിക്കുന്നവന് അതിലൊന്നും ശ്രദ്ധിക്കാന്‍ താല്പര്യമില്ല. അവന്റെ അമ്മയ്ക്കോ പെങ്ങള്‍ക്കോ ഇല്ലാത്തതൊന്നും അന്യരുടെ ശരീരത്തിലില്ലെന്ന് ഇത്രനാളും ഗവേഷണം നടത്തിയിട്ട് പിടികിട്ടാത്ത വിജ്ഞാനദാഹി, മോര്‍ഫിങ് എന്ന കലയില്‍ അതിസാമര്‍ത്ഥ്യം നേടി വിജിഗീഷുവായിരിക്കുന്നു. വീടിനും നാടിനും വിദ്യാലയത്തിനും രാജ്യത്തിനും എത്ര വലിയ സംഭാവനയാണ് യുവകോമളന്‍ ചെയ്യുന്നതെന്നോ?! കഷ്ടം. കുടുംബത്തിലും വിദ്യാലയത്തിലും ഇത്രകാലം പഠിച്ചുവളര്‍ന്നിട്ടും ലഭിച്ച സംസ്കാരം ഇതാണുപോലും. നിയമനിര്‍വഹണത്തിന്റെ ചട്ടപ്പടി നീക്കങ്ങള്‍ എവിടെയെത്തുമെന്ന് പറയാനാവില്ല. എങ്കിലും വൈകൃതകുമാരന്‍ പിടിക്കപ്പെട്ടിരിക്കുന്നു.

കൂട്ടുകാരെല്ലാം പലവഴിക്ക് തലവലിച്ചിരിക്കുന്നു. ചെയ്തത് ധീരോദാത്തമായ മഹാകാര്യമെങ്കില്‍ എന്തിനാണ് ഒളിച്ചുപോവുന്നത്? അറിഞ്ഞുകൊണ്ട് അനീതിയിലേര്‍പ്പെടുന്നവര്‍ക്ക് കേമത്തം നടിക്കാന്‍ പറ്റിയ കാലമാണിതെന്ന് നിത്യവാര്‍ത്തകള്‍ വിളിച്ചുപറയുന്നു. നമ്മുടെ സൈബറിടങ്ങള്‍ മാലിന്യനിക്ഷേപത്തിന്റെ കമ്പോളമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രതയോടെ ഇടപെട്ടേ തീരൂ. നിയമസംവിധാനം എവിടെ അലസമായിരിക്കുന്നുവോ അവിടെ അരാജകത്വം നടമാടുമെന്നതിന് നൂറായിരം തെളിവുകളുണ്ടല്ലോ!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online