Dailyhunt
വന്ദേ ഭാരത് ഭക്ഷണത്തില്‍ പാറ്റ; കാറ്ററിങ് കമ്പനിക്ക് 10ലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ

വന്ദേ ഭാരത് ഭക്ഷണത്തില്‍ പാറ്റ; കാറ്ററിങ് കമ്പനിക്ക് 10ലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ

Janayugom Online 2 days ago

ഹമ്മദാബാദ്-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ കാറ്ററിങ് കരാർ കമ്പനിക്ക് റെയില്‍വേ പത്തുലക്ഷം രൂപ പിഴ ചുമത്തി.

മുംബൈ സ്വദേശിയായ യാത്രക്കാരൻ തനിക്ക് ലഭിച്ച ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതി ഗൗരവമായി എടുത്ത ഐആർസിടിസി, ഭക്ഷണ വിതരണം നടത്തിയ ആർകെ ഗ്രൂപ്പിന്റെ കീഴിലുള്ള എം/എസ് ബ്രന്ദാവൻ ഫുഡ് പ്രൊഡക്‌ട്‌സിന് പിഴ ചുമത്തുകയും കരാർ റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ നല്‍കിയ ദാല്‍-ചാവല്‍ ഭക്ഷണപ്പൊതിയിലാണ് പാറ്റയെ കണ്ടെത്തിയത്. ട്രെയിനിലെ മറ്റ് രണ്ട് യാത്രക്കാർക്കും സമാനമായ അനുഭവം ഉണ്ടായതായും ഇതോടെ എല്ലാവരും ഭക്ഷണം കഴിക്കുന്നത് നിർത്തിയതായും പരാതിക്കാരൻ വ്യക്തമാക്കി. കൃത്യമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും വെണ്ടറുടെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം റെയില്‍വേ അധികൃതരെ ടാഗ് ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്ന് ബന്ധപ്പെട്ട കിച്ചണ്‍ അടച്ചുപൂട്ടാനും ശാസ്ത്രീയമായ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്താനും റെയില്‍വേ ഉത്തരവിട്ടു.

വന്ദേ ഭാരത് ട്രെയിനുകളില്‍ ഭക്ഷണത്തെച്ചൊല്ലിയുള്ള പരാതികള്‍ വർദ്ധിക്കുന്നത് യാത്രക്കാർക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാർച്ച്‌ 27ന് വാരണാസി-ദിയോഗർ വന്ദേ ഭാരതില്‍ യാത്ര ചെയ്ത യുവതിക്കും മകനും ട്രെയിനിലെ ഭക്ഷണം കഴിച്ച്‌ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി പരാതി ഉയർന്നിരുന്നു. മോശം വെള്ളവും ഗുണനിലവാരമില്ലാത്ത ഭക്ഷണവും കാരണം തനിക്ക് അലർജിയും മകന് വയറിളക്കവും ബാധിച്ചതായി ഡോക്ടറുടെ കുറിപ്പടി സഹിതം യുവതി വെളിപ്പെടുത്തിയിരുന്നു.

പ്രീമിയം ട്രെയിനുകളില്‍ ഉയർന്ന തുക നല്‍കി യാത്ര ചെയ്യുന്നവർക്ക് ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ഭക്ഷണം വിളമ്പുന്നത് റെയില്‍വേയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചിരിക്കുകയാണ്. ശുചിത്വ പരിശോധനകള്‍ കർശനമാക്കുമെന്ന് റെയില്‍വേ അവകാശപ്പെടുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online