Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വനിതാ ടി20 ഏഷ്യ കപ്പ്; ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം

വനിതാ ടി20 ഏഷ്യ കപ്പ്; ഇന്ത്യക്ക് ഇന്ന് ആദ്യ അങ്കം

Janayugom Online 3 weeks ago

നിതാ ടി20 ഏഷ്യ കപ്പ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് തായ്‌ലൻഡിനെ നേരിടും. സമീപകാലത്തെ നിരാശാജനകമായ പ്രകടനങ്ങള്‍ക്കും തോല്‍വികള്‍ക്കും ശേഷം ആത്മവിശ്വാസം വീണ്ടെടുക്കാനും മികച്ച തിരിച്ചുവരവ് നടത്താനുമാണ് ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്.

മത്സരം ഇന്ത്യൻ സമയം രാത്രി എട്ടിന് ദുബായില്‍ ആരംഭിക്കും.

കഴിഞ്ഞ 16 ടി20 മത്സരങ്ങളില്‍ ഒമ്പതിലും പരാജയപ്പെട്ട ഇന്ത്യ വനിതാ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ അഞ്ച് പതിപ്പുകളില്‍ മൂന്ന് തവണയും കിരീടം നേടിയ ആധിപത്യ ചരിത്രമുണ്ടെങ്കിലും നിലവിലെ മോശം ഫോം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഏഷ്യ കപ്പിന് തൊട്ടുപിന്നാലെ അടുത്ത മാസം ജപ്പാനില്‍ ഏഷ്യൻ ഗെയിംസും നടക്കാനിരിക്കെ ഈ ടൂർണമെന്റ് ഹർമൻപ്രീതിനും സംഘത്തിനും നിർണായകമാണ്.

വിശ്വസ്ത താരം ജെമീമ റോഡ്രിഗസിന് വിശ്രമം അനുവദിച്ചപ്പോള്‍ പ്രതിക റാവല്‍ ടീമിലെത്തി. സ്മൃതി മന്ദാനയും ഷെഫാലി വർമ്മയും നല്‍കുന്ന ഓപ്പണിങ് തുടക്കത്തിന് ശേഷം മിഡില്‍ ഓർഡറില്‍ റണ്‍ നിരക്ക് ഉയർത്തുന്നതും ക്യാച്ചിങ് പിഴവുകള്‍ പരിഹരിക്കുന്നതുമാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനെ ആറ് റണ്‍സിന് തോല്പിച്ച ഫോമിലാണ് തായ്‌ലൻഡ് എത്തുന്നത്. 120 റണ്‍സ് പ്രതിരോധിച്ച മത്സരത്തില്‍ ക്യാപ്റ്റൻ നറുമൊള്‍ ചായ്‌വായിയും (43) ബൗളർ ഒന്നിച കാംചോംഫുവും (3/27) മിന്നുന്ന പ്രകടനം പുറത്തെടുത്തു.

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഭാരതി ഫുല്‍മാലി, റിച്ച ഘോഷ്, ഗുണാലൻ കമാലിനി, പ്രതിക റാവല്‍, ഷെഫാലി വർമ്മ, ദീപ്തി ശർമ്മ, ക്രാന്തി ഗൗഡ്, പ്രേമ റാവത്ത്, അരുന്ധതി റെഡ്ഡി, രേണുക സിങ് ഠാക്കൂർ, നന്ദനി ശർമ്മ, ശ്രീ ചരണി, രാധ യാദവ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Janayugom Online