വനിതാ സിവില്‍ പൊലീസ് ഓഫീസറായിരുന്ന പി ദിവ്യശ്രീയെ (38) ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് രാജേഷ് (41) കുറ്റക്കാരനാണെന്ന് തലശ്ശേരി പ്രിൻസിപ്പല്‍ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി.
ശിക്ഷാവിധി വെള്ളിയാഴ്ച ജഡ്ജി കെ ടി നിസാർ അഹമ്മദ് പ്രഖ്യാപിക്കും. കൊലപാതകം, കൊലപാതക ശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. 2024 നവംബർ 21നാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ദിവ്യശ്രീയെ വെട്ടിക്കൊലപ്പെടുത്തുകയും തടയാനെത്തിയ പിതാവ് വാസുവിനെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. വീടിന്റെ വരാന്തയില്‍ പെട്രോള്‍ ഒഴിച്ച ശേഷം രാജേഷ് ദിവ്യശ്രീയെ പലതവണ വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ ഗേറ്റിന് സമീപം പിന്തുടർന്ന് വെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. വിചാരണ വേളയില്‍ ഈ ദൃശ്യങ്ങള്‍ നിർണ്ണായക തെളിവായി. ആക്രമണത്തിന് ശേഷം ആയുധം പുഴയില്‍ ഉപേക്ഷിച്ച് ഒളിവില്‍ പോകാൻ ശ്രമിച്ച പ്രതിയെ അന്ന് രാത്രി തന്നെ പുതിയതെരുവിലെ ബാറില്‍ വെച്ച് പൊലീസ് പിടികൂടിയിരുന്നു.

